കോഴിക്കോട്: മതവേഷമെന്ന് ഇസ്ലാമിക വിശ്വാസികളിൽ ചിലർ കരുതുന്ന ഹിജാബ് കത്തിച്ച് കോഴിക്കോട്ട് പ്രതിഷേധം. ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രകടനം. ഇന്ത്യയിൽ ഇതാദ്യമായാണ് ഹിജാബ് കത്തിച്ച് പ്രതിഷേധം നടക്കുന്നത്. സംഭവം പലരേയും അമ്പരപ്പിച്ചിരിക്കുകയാണ്. ഡിസംബർ 18ന് മലപ്പുറത്ത് നടക്കുന്ന ‘സ്വതന്ത്രലോകം’ സെമിനാറിന് മുന്നോടിയായാണ് ടൗൺഹാളിൽ ഇന്നലെ പരിപാടികൾ സംഘടിപ്പിച്ചത്. യുക്തിവാദിസംഘം കോഴിക്കോട്, മലപ്പുറം ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സ്വതന്ത്രചിന്ത സെമിനാറായിരുന്നു “ഫനോസ്’. ഈ പരിപാടിയുടെ ഭാഗമായാണ് ടൗൺഹാൾ പരിസരത്ത് കൂട്ടമായി ചേർന്ന് ഹിജാബ് പരസ്യമായി കത്തിച്ചത്. യുവതികളും കൂട്ടമായി ഹിജാബ് കത്തിക്കലിൽ പങ്കെടുത്തു.
കോഴിക്കോട് നഗരത്തിലെ പ്രൊവിഡൻസ് വനിതാ കോളജിൽ ഹിജാബ് അനുവദിക്കാത്തതിനെതിരേ പ്രതിഷേധങ്ങൾ നടക്കവേയാണ് നഗരത്തിൽ ഹിജാബ് കത്തിച്ച് സ്വതന്ത്ര ചിന്തകർ യാഥാസ്ഥിതികരെ വെല്ലുവിളിച്ചിരിക്കുന്നത്. ടൗൺഹാളിൽ നടന്ന പരിപാടിയിൽ “ദി അംബേദ്കർ ബാൻഡ്’ എന്ന വിഷയത്തിൽ അനുമോഹനും “ശരിഅത്തും ഞാനും എന്നതിൽ ഷമ്ല ചീനിക്കലും “ഹിന്ദു, ഹിന്ദുത്വ, നാസ്തികത’ എന്നതിൽ ഡോ. സി. വിശ്വനാഥനും ‘ദീനും ദുനിയാവും’ എന്നതിൽ ഇ.എ. ജബ്ബാറും “മിത്തുകളുടെ രാഷ്ട്രീയം” എന്നതിൽ ഡോ. മാളവിക ബിന്നിയും “കാരുണ്യത്തിന്റെ റൂട്ട് മാപ്പ്’ എന്ന തിൽ ജിയോർഡി ജോർജും “ആരാധന’ എന്നതിൽ ലിയാഖത്ത് അലിയും “മസ്തിഷ്ക്കം മയങ്ങുമ്പോൾ’ എന്ന വിഷയത്തിൽ റുക്സാന മഹമ്മൂദും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
Discussion about this post