കൊല്ലം: പദം പദം ശ്രീരാമപാദം എന്ന പദ്ധതിയുടെ ഭാഗമായി ജടായുപാറയിലേക്കുള്ള 1008 പടികളുടെ നിര്‍മ്മാണം മാര്‍ച്ച് 3ന് തുടങ്ങുമെന്ന് ജടായുപാറ കോദണ്ഡരാമ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. പാറയുടെ അടിവാരത്ത് വൈകിട്ട് 3ന് നടക്കുന്ന ചടങ്ങില്‍ ആദ്യ പടവ് ഉഡുപ്പി പേജാവര്‍ മഠാധിപതിയും അയോധ്യ ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിയുമായ സ്വാമി വിശ്വപ്രസന്ന തീര്‍ത്ഥ സമര്‍പ്പിക്കും. ആധാരശില ഋഷിജ്ഞാന സാധനാലയം അധ്യക്ഷ ദേവി ജ്ഞാനാഭനിഷ്ട സ്ഥാപിക്കും. പൊതുസമ്മേളനം കേന്ദ്ര സാംസ്‌കാരിക വകുപ്പ് സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ഉദ്ഘാടനം ചെയ്യും.
അദ്ധ്യാത്മരാമായണത്തിലെ ജടായുസ്തുതി ചൊല്ലിയാകും ചടങ്ങുകള്‍ ആരംഭിക്കുക. തുടര്‍ന്ന് ശീര്‍ഷക ഗാനത്തിന്റെ നൃത്താവിഷ്‌കാരവും തിരുവാതിരയും അവതരിപ്പിക്കും. പടവുനിര്‍മ്മാണത്തിന്‍റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ കുത്തിയോട്ട ചുവടുകളുടെ ദൃശ്യാവിഷ്‌കാരമായ ”രാമതാനം’ അരങ്ങേറും.
ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, കോദണ്ഡരാമ ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി കുമ്മനം രാജശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.വി. ബിന്ദു, ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍ തുടങ്ങിയവര്‍ സംസാരിക്കും.
ജടായുപ്പാറ കോദണ്ഡ രാമക്ഷേത്രത്തില്‍ നിന്നും ആധാരശിലയുടെ എഴുന്നള്ളിപ്പ് മാര്‍ച്ച് ഒന്നിന് ആരംഭിക്കും. രണ്ടിന് വൈകിട്ട് അഞ്ചിന് തന്ത്രി മുഖ്യന്‍ സതീശന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ വനദേവതാരാധന, യോഗീശ്വരപൂജ, വാസ്തുബലി ഭഗവതിസേവ തുടങ്ങിയവ നടക്കും.
‘പദം പദം രാമ പാദം’ എന്ന പ്രോജക്ടിന്റെ ഭാഗമായി ജനുവരി 29 ന് കൊല്ലത്തു നടന്ന ചടങ്ങില്‍ വര്‍ക്കല ശിവഗിരിമഠം അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദയാണ് ആധാരശിലാപൂജ നടത്തിയത്. ജടായുപ്പാറ ശ്രീ കോദണ്ഡരാമ ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് ജെ.ആര്‍. ജയകുമാറും സെക്രട്ടറി വി. കൃഷ്ണകുമാറും ചേര്‍ന്ന് ഏറ്റുവാങ്ങി മാര്‍ച്ച് 1ന് ഘോഷയാത്രയായി തൃപ്പടി സമര്‍പ്പണ വേദിയിലേക്ക് കൊണ്ടുപോകും.
പദംപദം ശ്രീരാമപദം എന്ന പദ്ധതിയുടെ ഭാഗമായാണ് ജനങ്ങളില്‍ നിന്നും 1008 പടികളുടെ നിര്‍മ്മാണത്തിന് ആവശ്യമായ വിഭവശേഖരണം നടത്തിയത്. കന്യാകുമാരി ജില്ലയിലുള്ള മൈലാടിയില്‍ നിന്നും കൊണ്ടുവരുന്ന ശിലകള്‍ ഉപയോഗിച്ചാണ് 1008 പടികളും നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിന് ചെങ്ങന്നൂര്‍ ബാലു ശില്പിയാണ് നേതൃത്വം നല്‍കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ജടായുപ്പാറ കുമ്മനം രാജശേഖരന്‍, സി.കെ. ചന്ദ്രബാബു, വി.ആര്‍. രാജശേഖരന്‍, പെരിനാട് മുരളീധരന്‍, ബി. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post