തിരുവനന്തപുരം: പി.പരമേശ്വരന്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന കസേരയില്‍ ഇന്നിരിക്കുന്നത് അദ്ദേഹത്തിന്‍റെ ചില്ലിട്ട ചിത്രമാണ്. ശുഭ്രവസ്ത്രം ധരിച്ച് നിഷ്‌കളങ്കമായി ചിരിച്ച് ചില്ലുകൂട്ടില്‍ നിന്നും പുറത്തേക്ക് വരുന്നതാകട്ടെ പരമേശ്വര്‍ജിയുടെ സ്പന്ദിക്കുന്ന ഓര്‍മ്മകളും. തൊട്ടുമുകളിലായി കവടിയാര്‍ വിവേകാനന്ദപാര്‍ക്കില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അഭിമാനിയായ ഹിന്ദുപൗരുഷം സ്വാമി വിവേകാനന്ദ ശില്പത്തിന്‍റെ ചിത്രം. ആര്‍എസ്എസ് ദ്വിതീയ സര്‍സംഘചാലക് ഗുരുജി ഗോള്‍വള്‍ക്കറിനൊപ്പം പൂര്‍ണഗണവേഷത്തില്‍ സംഘസ്ഥാനിലൂടെ നടന്നുവരുന്ന പി.പരമേശ്വരനെയും നമുക്കിവിടെ കാണാനാകും. (തൈക്കാട് ഗ്രൗണ്ടില്‍ നടന്ന ഈ സാംഘിക്കിനിടയിലാണ് മലയാറ്റൂര്‍ രാമകൃഷ്ണനും ഒഎന്‍വിയുമടങ്ങുന്ന ഇടതുവിദ്യാര്‍ത്ഥി നേതാക്കള്‍ ഗുരുജിയെ ആക്രമിക്കാനെത്തിയതും ദണ്ഡകൊണ്ടുള്ള പ്രഹരമേറ്റ് തിരിഞ്ഞോടിയതും). ഗുരുജി മുതല്‍ നിലവിലെ സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് വരെയുള്ളവരുമൊത്തുള്ള ചിത്രങ്ങള്‍ക്കുപുറമെ ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ്‌കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരില്‍ നിന്ന് പുരസ്‌കാരങ്ങള്‍ വാങ്ങുന്ന ചിത്രവുമുണ്ട്.
ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായിരുന്ന പത്മവിഭൂഷണ്‍ പി.പരമേശ്വരന്‍റെ അസാന്നിധ്യത്തിലും സാന്നിധ്യം വിളിച്ചറിയിക്കുന്നതായി വിചാരകേന്ദ്രത്തില്‍ തയ്യാറാക്കിയിരിക്കുന്ന പി.പരമേശ്വര്‍ജി സ്മൃതി സംഗ്രഹാലയം. വിചാരകേന്ദ്രത്തിന്‍റെ മൂന്നാംനിലയില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് പ്രദര്‍ശനി ഒരുക്കിയിരിക്കുന്നത്. ഒത്ത നടുവിലായി പരമേശ്വര്‍ജിയുടെ അര്‍ദ്ധകായ വെങ്കലശില്പത്തിനു മുന്നില്‍ നിറദീപം തെളിഞ്ഞിട്ടുണ്ട്. ഇരുവശത്തുമായി പത്മവിഭൂഷണ്‍, പത്മശ്രീ പുരസ്‌കാരങ്ങള്‍. കൂടാതെ കേരളസാഹിത്യഅക്കാദമി പുരസ്‌കാരമുള്‍പ്പെടെ പരമേശ്വര്‍ജിയ്ക്ക് ലഭിച്ചിട്ടുള്ള നിരവധി പുരസ്‌കാരങ്ങളും. ജന്മനാട്ടില്‍ നല്‍കിയ ആദരം മുതല്‍ ഇന്ത്യന്‍ പ്രസിഡന്റ് നല്‍കിയ ആദരംവരെ വരുംതലമുറയ്ക്ക് കാണാനായി അടുക്കുംചിട്ടയുമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
മാതാ അമൃതാനന്ദമയിദേവിയും ശ്രീ ശ്രീ രവിശങ്കറും പരമേശ്വര്‍ജിയെ സന്ദര്‍ശിക്കുന്നതിന്‍റെ ചിത്രങ്ങള്‍ക്കൊപ്പം കേരളത്തിന്‍റെ സാമൂഹ്യനവോത്ഥാന പ്രക്രിയയില്‍ പി.പരമേശ്വരന്‍റെ പങ്ക് വിളിച്ചറിയിക്കുന്ന നിരവധി നിശ്ചലചിത്രങ്ങളും പ്രദര്‍ശനിയിലുണ്ട്. കവിയും ചിന്തകനുമായിരുന്ന പി.പരമേശ്വരന്‍ രചിച്ച വൈജ്ഞാനിക ദാര്‍ശനിക ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ കൈപ്പടയും ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും കണ്ണടയുമൊക്കെ നമുക്കിവിടെ കാണാനാകും. പ്രദര്‍ശനിയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് കറുത്ത ഗ്ലാസ് പ്രതലത്തില്‍ തെളിഞ്ഞുനില്‍ക്കുന്നതാകട്ടെ പരമേശ്വര്‍ജിയുടെ തിളങ്ങുന്ന രേഖാചിത്രവും. ഇടതുപക്ഷ രാഷ്ട്രവിരുദ്ധ ചിന്തകളാല്‍ ഇരുട്ടുമൂടിയ കേരളത്തില്‍ പ്രകാശംപരത്തിയ പരമേശ്വര്‍ജിയുടെ നേര്‍സാക്ഷ്യം പോലെ..
Discussion about this post