കൊച്ചി: കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിക്കുന്ന കെ സി രാഘവൻ രചിച്ച “ഹിന്ദുധർമ്മവും സെമിറ്റിക് മതങ്ങളും” സുവേണു രചിച്ച ” മതംമാറ്റ ഭീഷണിയും ഹിന്ദുസമൂഹവും” എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം നടന്നു. കലൂരിലെ കുരുക്ഷേത്ര സംവാദവേദിയിൽ വച്ചു നടന്ന പ്രകാശനച്ചടങ്ങിൽ ‘കാസ’ യുടെ സംസ്ഥാന അധ്യക്ഷൻ കെവിൻ പീറ്റർ പ്രകാശന കർമ്മം നിർവഹിച്ചു. മാധ്യമ സംവാദകനും എഴുത്തുകാരനുമായ പി.ആർ. ശിവശങ്കരൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. മാനനീയ പി.പരമേശ്വർ ജിയുടെ നിർദ്ദേശപ്രകാരം കെ.സി. രാഘവൻ 2001 ൽ രചിച്ച “ഹിന്ദു ധർമ്മവും സെമിറ്റിക് മതങ്ങളും ” എന്ന ഗ്രന്ഥത്തിന്‍റെ രണ്ടാം പതിപ്പാണ് ഇത്.
നിർബന്ധപൂർവ്വവും പ്രലോഭനം നൽകിയുമുള്ള മതിപരിവർത്തനം ഒരു മതത്തിനും ഭൂഷണമല്ലെന്ന് ശ്രീ. കെവിൻ പീറ്റർ അഭിപ്രായപ്പെട്ടു. “എന്‍റെ രാജ്യം വരേണമേ” എന്ന പ്രാർത്ഥന ആത്മീയമായ ഉയർച്ചയ്ക്കുള്ളതാണ്. ഭൗതികമായി രാജ്യങ്ങളെ കൈസ്തവത്ക്കരിക്കുക എന്നതല്ല. ജനങ്ങൾ സഹിഷ്ണുതയുള്ളവരായിരിക്കുന്നത് ഹിന്ദു മതം ഭാരതത്തിലുള്ളതിനാലാണ് , അതുകൊണ്ടാണ് ക്രൈസ്തവർക്ക് സ്വതന്ത്രമായ മത പ്രവർത്തനങ്ങൾ നടത്തുവാൻ സാധിക്കുന്നതെന്നും കെവിൻ പീറ്റർ പറഞ്ഞു. കുരുക്ഷേത്ര പ്രകാശൻ മാനേജിങ് ഡയറക്ടർ കാ ഭാ സുരേന്ദ്രൻ , പി.ആർ. ശിവശങ്കരൻ, കെ.ആർ ചന്ദ്രശേഖരൻ, തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി.തുടർന്ന് ഗ്രന്ഥവിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ചർച്ചയിൽ മഹിളാമോർച്ച സംസഥാന സെക്രട്ടറി സ്മിത മേനോൻ, ജെ വിനോദ്കുമാർ, കലാധരൻ തുടങ്ങിയവർ പങ്കെടുത്തു. കുരുക്ഷേത്ര പ്രകാശൻ മുഖ്യ പത്രാധിപർ അമൃത രാജ് സ്വാഗതവും, ആർ എം ദത്തൻ കൃതജ്ഞത രേഖപ്പെടുത്തി.
Discussion about this post