മലപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ വിവാദ പൂരം കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് മലബാർ ദേവസ്വം ബോർഡ് നടപടിയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി വി മുരളീധരനാണ് ഹർജി നൽകിയത്. മുസ്ലീം സമുദായംഗങ്ങളെ ഉൾപ്പെടുത്തിയ മലബാർ ദേവസ്വം നടപടി റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.
ഈ അടുത്താണ് തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് രൂപീകരിച്ച കമ്മിറ്റി വലിയ വിമർശനങ്ങൾക്ക് തുടക്കമിട്ടത്. അബ്ദുസമദ് സമദാനി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷഹർബാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഈദ, മഞ്ഞളാംകുഴി അലി എംഎൽഎ എന്നിവരടങ്ങുന്നതാണ് പൂരം സംഘാടക സമിതി. വിഷയത്തിൽ ക്ഷേത്രത്തിന്‍റെ ചിത്രം പങ്കുവെച്ചു കൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർ വിമർശനവുമായി രംഗത്തു വന്നിരുന്നു.
മാത്രമല്ല മലബാർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള ക്ഷേത്രം പച്ച പെയിന്റ് അടിച്ച് വികൃതമാക്കിയതും വിവാദമായി. ക്ഷേത്രത്തിലെ ഓഫീസ് കെട്ടിടമാണ് പച്ച പെയിന്റ് അടിച്ച് വികൃതമാക്കിയത്.
നേരത്തെയും തിരുമാന്ധാംകുന്ന് ക്ഷേത്ര കമ്മിറ്റി വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. 2021-ൽ നടന്ന പൂരത്തിനിടെ കേക്ക് മുറിച്ച് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ പിറന്നാൾ ആഘോഷിച്ചത് വലിയ വിവാദമായിരുന്നു. കേക്ക് മുറിച്ച് ക്ഷേത്രം ജീവനക്കാർക്ക് വിതരണം ചെയ്ത് നവോത്ഥാനത്തിന്‍റെ പുതിയ പടവുകൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് ക്ഷേത്രം ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഭാഗത്തു നിന്നും ഉണ്ടായത് എന്ന തരത്തിലുള്ള ആക്ഷേപവും അന്ന് ഉയർന്നിരുന്നു. കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളിൽ അതീവ പ്രാധാന്യമുള്ള മൂന്നു ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രം.
Discussion about this post