തിരുവല്ല: വളഞ്ഞവട്ടം വട്ടയ്ക്കാട്ട് ശ്രീ യോഗീശ്വര- ഭദ്രകാളി ക്ഷേത്ര ശ്രീകോവില്‍ സമര്‍പ്പണം 27ന് നടക്കും. കേരളിയ വാസ്തു ശില്പകല അനുസരിച്ച് പൂര്‍ണ്ണമായും തടിയിലാണ് ശ്രീകോവില്‍ നിര്‍മിച്ചിട്ടുള്ളത്. ശാന്ത സ്വരൂപമായ യോഗീശ്വരനും ശക്തി സ്വരൂപമായ ഭദ്രകാളിയും ഒരു ശ്രീകോവിലില്‍ കുടികൊള്ളുന്നു എന്നത് ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്. 25ന് വൈകിട്ട് മൂന്നിന് വിഗ്രഹ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേരും തുടര്‍ന്ന് ആചാര്യ വരണം. പ്രാസാദശുദ്ധി, അസ്ത്ര കലശം, രക്ഷോഘ്‌നം, വാസ്തു ഹോമം, വാസ്തുകലശം, വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തുപുണ്യാഹം, അത്താഴ പൂജ. 26ന് രാവിലെ ഗണപതി ഹോമം, തുടര്‍ന്ന് ചതുഃ ശുദ്ധി, ധാര, കലശപൂജകള്‍, ജീവകലശപൂജ, ജീവോദ്വാസന, ശയ്യാപൂജ, നിദ്രകലശപൂജ. വൈകിട്ട് അഞ്ച് മുതല്‍ ശുദ്ധിക്രിയകള്‍, അധിവാസഹോമം, ധ്യാനാധിവാസം, മണ്ഡലപൂജ, അധിവാസ പൂജ. 27ന് രാവിലെ ഗണപതിഹോമം, തുടര്‍ന്ന് അധിവാസം വിടര്‍ത്തി പൂജ, പ്രാസാദ പ്രതിഷ്ഠ, രാവിലെ 9.25ന് ക്ഷേത്ര തന്ത്രിമാരായ കോവന്‍കുളങ്ങര ഇല്ലത്ത് രാജേഷ് നമ്പൂതിരി, രഞ്ചിത്ത് നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ യോഗീശ്വര പ്രതിഷ്ഠ, ദേവി പ്രതിഷ്ഠ, നാഗരാജ- നാഗയക്ഷി പ്രതിഷ്ഠ എന്നിവ നടത്തും. 12 മുതല്‍ സമൂഹ സദ്യ, മൂന്നിന് കലാപരിപാടികള്‍ ഡിവൈഎസ്പി രാജപ്പന്‍ റാവുത്തര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഗാനമേള, വൈകുന്നേരം ആറിന് ദീപാരാധനയോടെ പ്രതിഷ്ഠാ ചടങ്ങുകള്‍ സമാപിക്കുമെന്ന് ക്ഷേത്ര ഭാരവാഹികളായ വിപിന്‍ കാര്‍ത്തിക്, വി.വി. ജയപ്രകാശ്, ജി. അമ്മുക്കുട്ടി, എസ്. സോമ എന്നിവര്‍ അറിയിച്ചു.
Discussion about this post