കാസർകോട്: കേരള കേന്ദ്ര സർവ്വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് ഇന്ത്യൻ കായികരംഗത്തെ അതുല്യ പ്രതിഭ പി.ടി. ഉഷക്ക് സമ്മാനിച്ചു. പെരിയ ക്യാമ്പസ്സിലെ സബർമതി ഹാളിൽ നടന്ന പരിപാടിയിൽ വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വർലു ഹോണററി ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചു.
ലൊസാഞ്ചലസ് ഒളിംപിക്സിൽ സെക്കന്റിന്റെ നൂറിലൊരംശത്തിന് മെഡൽ നഷ്ടമായതിന്റെ വേദനകൾ വിവരിച്ച് വൈകാരികമായിരുന്നു പി.ടി. ഉഷയുടെ പ്രസംഗം. കയ്യെത്തുംദൂരെ നഷ്ടപ്പെട്ട ഒളിംപിക് മെഡൽ രാജ്യത്തിനായി നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തിലാണ് ഞാൻ. ഇതിന് ലക്ഷക്കണക്കിനാളുകളുടെ പ്രാർത്ഥനയുണ്ട്. ലക്ഷ്യത്തിനായി പ്രവർത്തിച്ചാൽ ഒരിക്കൽ അത് യാഥാർത്ഥ്യമാകും. അവരവരിലുള്ള വിശ്വാസമാണ് ആദ്യം വേണ്ടത്. കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും വളർത്തിയെടുക്കുന്നതിനും ഉഷ സ്കൂൾ നടത്തുന്ന പ്രവർത്തനങ്ങളും നേട്ടങ്ങളും അവർ വിശദീകരിച്ചു.
പി.ടി. ഉഷ രാജ്യത്തിന്റെ അഭിമാനമാണെന്ന് വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വർലു പറഞ്ഞു. രാജ്യത്തിന് മാതൃകയായവരെ ആദരിക്കുകയെന്നത് സർവ്വകലാശാലയുടെ കർത്തവ്യമാണ്. വിദ്യാർത്ഥികൾക്ക് പ്രചോദനം പകരുന്നതാണ് പി.ടി. ഉഷയുടെ ജീവിതവും നേട്ടങ്ങളും. അദ്ദേഹം കൂട്ടിച്ചേർത്തു.ഡീൻ അക്കാദമിക് പ്രൊഫ.അമൃത് ജി കുമാർ, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി പ്രൊഫ.രാജേന്ദ്ര പിലാങ്കട്ട എന്നിവർ സംസാരിച്ചു. രജിസ്ട്രാർ ഡോ.എം.മുരളീധരൻ നമ്പ്യാർ സ്വാഗതവും കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഇൻ ചാർജ്ജ് പ്രൊഫ.എം.എൻ. മുസ്തഫ നന്ദിയും പറഞ്ഞു. ഡീനുമാർ, വകുപ്പ് അധ്യക്ഷന്മാർ, അധ്യാപകർ, വിദ്യാർത്ഥികൾ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു. കായിക മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് കേരള കേന്ദ്ര സർവ്വകലാശാല ഹോണററി ഡോക്ടറേറ്റ് നൽകിയത്.
Discussion about this post