തൃശൂര്‍ : തപസ്യ കലാസാഹിത്യ വേദിയുടെ രണ്ടാമത് മാടമ്പ് കുഞ്ഞുക്കുട്ടന്‍ സ്മാരക പുരസ്‌കാരം സംവിധായകന്‍ ജയരാജിന് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മെയ് ആദ്യവാരത്തില്‍ തൃശ്ശൂരില്‍ നടക്കുന്ന മാടമ്പ് അനുസ്മരണ യോഗത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് തപസ്യ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.പി.ജി.ഹരിദാസ് അറിയിച്ചു.
ഭരതന്‍റെ ശിഷ്യനായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ജയരാജ് മലയാള സിനിമയുടെ യശസ് ലോകവ്യാപകമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങളും നേടിയിട്ടുള്ള ജയരാജ് മലയാളത്തിലെ പ്രതിഭാധനരായ സംവിധായകരില്‍ മുന്‍നിരയിലാണ്. 1997 ല്‍ പുറത്തുവന്ന ദേശാടനവും കളിയാട്ടവും ജയരാജിന്‍റെ പ്രതിഭയെ വെളിപ്പെടുത്തുന്നതാണെന്നും ജൂറി വിലയിരുത്തി. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.പി.ജി.ഹരിദാസ്, സംവിധായകന്‍ എം.ബി.പത്മകുമാര്‍, മാധ്യമ പ്രവര്‍ത്തകനായ മുരളി പാറപ്പുറം, ദേശീയ ഫിലം സെന്‍സര്‍ ബോര്‍ഡംഗം സി.സി.സുരേഷ് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
പത്രസമ്മേളനത്തില്‍ തപസ്യ സംസ്ഥാന സെക്രട്ടറി സി.സി. സുരേഷ്, കിരാലൂര്‍ മാടമ്പ് അനുസ്മരണ സമിതി കണ്‍വീനര്‍ രേഷ്മ സുധീഷ്, സ്വാഗതസംഘം ചെയര്‍മാന്‍ ജി. രാമനാഥന്‍ തപസ്യ ജില്ലാ ജനറല്‍ സെക്രട്ടറി ടി.എസ്.നീലാംബരന്‍,സംഘടനാ സെക്രട്ടറി കെ.കെ. ഷാജു എന്നിവരും പങ്കെടുത്തു.
Discussion about this post