അറബിക്കടലിന്റെ തീരത്ത് മറ്റൊരു സാഗരം അലടിക്കുകയായിരുന്നു. വികസനത്തോട് ഐക്യം പ്രഖ്യാപിച്ച ആയിരക്കണക്കിന് യുവതീയുവാക്കള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കൈവഴികളായി ഒഴുകിയെത്തിയാണ് ഈ യുവസാഗരത്തിനു രൂപം നല്‍കിയത്. ലോകരാജ്യങ്ങള്‍ക്കിടയില്‍പ്പോലും അംഗീകാരത്തിന്റെ പുതിയ ചരിത്രം രചിച്ച് ആധുനിക ഭാരതത്തെ പുതിയ ഔന്നത്യത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രനായകനെ കാണാനും കേള്‍ക്കാനും കാത്തിരിക്കുകയായിരുന്ന യുവത തേവര എസ്എച്ച് കോളജ് മൈതാനിയില്‍ വന്നുനിറയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം 2023 കോണ്‍ക്ലേവ് പ്രതീക്ഷയുടെയും ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പുതിയ ചരിത്രം സൃഷ്ടിച്ചു. പരിപാടി സംഘടിപ്പിച്ചത് ബിജെപിയാണെങ്കിലും കക്ഷി രാഷ്ട്രീയത്തിനതീതമായി ഒത്തൊരുമിച്ച യുവതീയുവാക്കളുടെ പ്രാതിനിധ്യം പുതിയ മുന്നേറ്റത്തിന് തുടക്കമിട്ടു. വലുതും ചെറുതുമായ ത്രിവര്‍ണപതാകകളുമേന്തി എത്തിച്ചേര്‍ന്ന ഇവരില്‍ തുടിച്ചുനിന്ന പ്രതീക്ഷകള്‍ അവരുടെ മുഖങ്ങളില്‍നിന്ന് വായിച്ചെടുക്കാമായിരുന്നു. കേരളത്തിലെ യുവതീയുവാക്കളോട് ചിലതൊക്കെ പറയാനാണ് പ്രധാനമന്ത്രിയെത്തിയത്. യുവത്വത്തിന്റെ പ്രസരിപ്പോടെ രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി മോദിയില്‍ രാജ്യത്തെ യുവതീയുവാക്കള്‍ കാണുന്നത് തങ്ങളുടെ രക്ഷകനെയാണ്. രാജ്യത്തിന്റെ പുരോഗതിയിലും യുവാക്കളുടെ ഭാവിയിലും ഒരുതരത്തിലുള്ള ആശങ്കകള്‍ക്കും സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു യുവം പരിപാടിയിലെ പ്രധാനമന്ത്രിയുടെ വാക്കുകള്‍.
കേരളത്തിലെ യുവതീയുവാക്കളോട് സംവദിക്കാന്‍ പ്രധാനമന്ത്രി മോദി എത്തുന്നു എന്നറിഞ്ഞതു മുതല്‍ ചില ശക്തികള്‍ അസ്വസ്ഥരായിരുന്നു. അക്രമത്തിന്റെയും അരാജകത്വത്തിന്റെയും മതതീവ്രവാദത്തിന്റെയും മയക്കുമരുന്നിന്റെയുമൊക്കെ വഴികളിലേക്ക് യുവസമൂഹത്തെ തിരിച്ചുവിട്ട് നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ യുവാക്കള്‍ ദേശസ്‌നേഹികളാവുന്നതും, അവര്‍ വികസനത്തിന്റെ രാഷ്ട്രീയത്തില്‍ വിശ്വാസമര്‍പ്പിക്കുന്നതും ഇഷ്ടപ്പെടുന്നില്ല. യുവം പരിപാടി പരാജയപ്പെടുത്താനാവില്ലെന്ന് ഇവര്‍ക്ക് ഉറപ്പായിരുന്നു. അതിനാല്‍ യുവാക്കളുടെ ശ്രദ്ധതിരിക്കാനുള്ള വഴികളാണ് അവര്‍ തേടിയത്. ദേശീയ ശക്തികളുടെ മുന്നേറ്റത്തില്‍ രാജ്യത്തിന്റെ വിശാല ഭൂപ്രദേശങ്ങളില്‍നിന്ന് ഇടതുപക്ഷ ശക്തികള്‍ തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. കേരളത്തിലും തങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുന്നതിലുള്ള പരിഭ്രാന്തിയാണ് ഇവര്‍ പ്രകടിപ്പിച്ചത്. എന്നാല്‍ യുവം കോണ്‍ക്ലേവിന്റെ ഉജ്വലമായ വിജയം ശക്തമായ മറുപടിയാണ് ദേശവിരുദ്ധ ചിന്താഗതി പുലര്‍ത്തുന്നവര്‍ക്ക് നല്‍കിയിരിക്കുന്നത്. യുവജന പങ്കാളിത്തത്തിന്റെ വ്യാപ്തി കൊണ്ടുമാത്രമല്ല, വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുടെ നീണ്ട നിരകൊണ്ടും യുവം ശ്രദ്ധേയമായി. അടുത്തിടെ ബിജെപിയിലെത്തിയ അനില്‍ ആന്റണി, ഗായകന്മാരായ വിജയ് യേശുദാസ്, ഹരിശങ്കര്‍, സിനിമാതാരങ്ങളായ അപര്‍ണ ബാലമുരളി, ഉണ്ണി മുകുന്ദന്‍, നവ്യനായര്‍ തുടങ്ങിയവരുടെ സാന്നിധ്യം പുതിയൊരു തുടക്കമാണ്. മതതീവ്രവാദത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ യുവാക്കളുടെ ജീവിതവും ജീവനും തകര്‍ക്കുന്ന ശക്തികള്‍ക്കു മുന്നറിയിപ്പായി യുവം കോണ്‍ക്ലേവ് മാറി.
കേന്ദ്രത്തില്‍ ഒന്‍പത് വര്‍ഷമായി തുടരുന്ന ബിജെപി സര്‍ക്കാരിന്റെ വലിയ ഗുണഭോക്താക്കള്‍ യുവാക്കളാണ്. അഭ്യസ്തവിദ്യരായ യുവാക്കളുടെ ക്ഷേമത്തിനുവേണ്ടി നിരവധി പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. സ്‌കില്‍ ഇന്ത്യ മിഷന്‍, മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്റപ്പ് ഇന്ത്യ, ബേഠി ബചാവോ ബേഠി പഠാവോ, ഡിജിറ്റല്‍ ഇന്ത്യ മിഷന്‍, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് എന്നിങ്ങനെയുള്ള പദ്ധതികള്‍ രാജ്യത്തെ യുവാക്കളുടെ ജീവിതത്തില്‍ വലിയ പരിവര്‍ത്തനമാണ് വരുത്തിയിട്ടുള്ളത്. ഈ മാറ്റങ്ങളില്‍ യുവതീയുവാക്കള്‍ പങ്കുചേരുന്നതില്‍നിന്ന് തടയാനാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികളായ സിപിഎമ്മും കോണ്‍ഗ്രസ്സും ശ്രമിക്കുന്നത്. സിപിഎം പാര്‍ട്ടിക്കുവേണ്ടി ഭരിച്ചും കോണ്‍ഗ്രസ് കുടുംബത്തിനുവേണ്ടി ഭരിച്ചും കേരളത്തിലെ യുവാക്കളെ വഞ്ചിക്കുകയാണെന്ന് പ്രസംഗത്തില്‍ പ്രധാനമന്ത്രി എടുത്തുപറയുകയുണ്ടായി. ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കുമ്പോള്‍ ഇവിടെ ചിലര്‍ സ്വര്‍ണവും മറ്റും ഇറക്കുമതി ചെയ്യുകയാണെന്ന് പരിഹസിക്കാനും മറന്നില്ല. രാഷ്ട്രത്തിന്റെ വിവിധമേഖലകളില്‍ വികസനത്തിന്റെ കുതിപ്പുകള്‍ സൃഷ്ടിച്ച് ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഭാരതം. ഈ മുന്നേറ്റത്തില്‍ പങ്കുചേര്‍ന്ന് അതിന്റെ ഗുണഭോക്താക്കളായി മാറുന്നതിലൂടെയാണ് കേരളത്തിലെ യുവതീയുവാക്കളുടെ ഭാവി സുരക്ഷിതമാവുക. ഏതുവിധേനയും ഈ അവസരം നഷ്ടപ്പെടുത്താനാണ് ബിജെപി വിരുദ്ധരായ ഇടതു-വലതു ശക്തികള്‍ ശ്രമിക്കുന്നത്. ഇക്കൂട്ടര്‍ക്ക് ശക്തമായ താക്കീതാണ് യുവം പരിപാടി നല്‍കിയിരിക്കുന്നത്. ദേശവിരുദ്ധവും വികസനവിരുദ്ധവുമായ രാഷ്ട്രീയത്തില്‍നിന്ന് മാറിച്ചിന്തിക്കാന്‍ ഈ പരിപാടി കേരളത്തിലെ യുവാക്കളെ പ്രേരിപ്പിക്കും.
Discussion about this post