പാലക്കാട്: വന്ദേഭാരത് ട്രെയിനിൽ പോസ്റ്റർ ഒട്ടിച്ച് വൃത്തികേടാക്കി കോൺഗ്രസ് പ്രവർത്തകർ. ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍റെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ പതിപ്പിച്ചത്. ട്രെയിനിലെ വിൻഡോ ഗ്ലാസുകളിലാണ് കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ പതിപ്പിച്ചത്. ഷൊർണൂരിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാൻ കാരണം വികെ ശ്രീകണ്ഠനാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകളാണ് പതിപ്പിച്ചത്.
ഷൊർണൂരിൽ സ്റ്റോപ്പില്ലായിരുന്നുവെന്നും തന്‍റെ ശ്രമഫലമായാണ് വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചതെന്നും പാലക്കാട് എംപി വികെ ശ്രീകണ്ഠൻ അവകാശപ്പെട്ടിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കോൺഗ്രസ് പ്രവർത്തകർ ട്രെയിനിൽ പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ പോസ്റ്ററുകൾ ആർപിഎഫ് നീക്കംചെയ്തു.
സംഭവത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഓടിത്തുടങ്ങിയ ദിനം തന്നെ രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി ട്രെയിൻ പോസ്റ്റർ ഒട്ടിച്ച് വികൃതമാക്കിയത് അംഗീകരിക്കാനാകില്ലെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന വിമർശനം. മുൻപ് വന്ദേഭാരത് ട്രെയിൻ അനുവദിച്ചത് തങ്ങൾ ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് കോൺഗ്രസ് എംപിമാർ അവകാശവാദം ഉന്നയിച്ചിരുന്നു.
Discussion about this post