തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യ പ്രവർത്തർകർക്ക് എതിരായ അതിക്രമത്തിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ശിക്ഷ നൽകുകയും ചെയ്യും. ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച കേസുകൾ തീർപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുന്നതടക്കമുള്ള ശുപാർശകൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
ആരോഗ്യ പ്രവർത്തകരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതടക്കമുള്ള നടപടികൾ ഇനി മുതൽ ശിക്ഷാർഹമായിരിക്കും. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ആറ് മാസം മുതൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാം. ഡോ.വന്ദനയുടെ മരണത്തിന് പിന്നാലെയാണ് അടിയന്തിരമായി ഓർഡിനൻസ് പുറത്തിറക്കിയത്. ആരോഗ്യ പ്രവർത്തകരുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ചാണ് ഓർഡിനൻസ് തയാറാക്കിയിരിക്കുന്നത്.
2012-ലെ നിയമപ്രകാരം അക്രമികൾക്ക് മൂന്ന് വർഷം വരെ തടവും 50,000 രൂപ പിഴയുമാണ് ഈടാക്കിയിരുന്നത്. എന്നാൽ പുതിയ ഓർഡിനൻസ് പ്രാബല്യത്തിൽ വരുന്നതോടെ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാം. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അധിക്ഷേപങ്ങളും കുറ്റകൃത്യമായി കണക്കാക്കും. ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ, നഴ്‌സിംഗ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്കൊപ്പം ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെയും മിനസ്റ്റീരിയൽ ജീവനക്കാരെയും ആരോഗ്യ പ്രവർത്തകർ എന്ന നിലയിൽ കണക്കാക്കും. ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുന്നവരിൽ നിന്ന് ഇരട്ടി നഷ്ടപരിഹാരം ഈടാക്കുന്നതിനും ഇത് നൽകാത്ത പക്ഷം റവന്യൂ റിക്കവറിയിലൂടെ പണം ഈടാക്കുന്നതിനും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്. അക്രമം നടന്ന് ഒരു മണിക്കൂറിനകം എഫ്‌ഐആർ റജിസ്റ്റർ ചെയ്യണം. ഇതിൽ വീഴ്ച വരുത്തിയാൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. കൂടാതെ ഒരുമാസത്തിനകം കുറ്റപത്രം സമർപ്പിക്കണം, ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി കുറ്റക്കാരെ ശിക്ഷിക്കുക എന്നീ നിർദ്ദേശങ്ങൾക്കും അംഗീകാരം ലഭിച്ചു.
Discussion about this post