കോഴിക്കോട്: ജനങ്ങൾക്ക് മാധ്യമസാക്ഷരത പകർന്നു നൽകേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് മധ്യപ്രദേശ് മഖൻലാൽ ചതുർവേദി യൂണിവേഴ്സിറ്റി ഓഫ് ജേണലിസം വൈസ് ചാൻസിലർ പ്രൊഫ. കെ.ജി. സുരേഷ് പറഞ്ഞു. ദേവർഷി നാരദജയന്തിയുടെ ഭാഗമായി വിശ്വസംവാദകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ കേസരി ഭവനിലെ പരമേശ്വരം ഹാളിൽ സംഘടിപ്പിച്ച പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാർഡ് സമർപ്പണ പരിപാടിയിൽ ‘വാർത്തകളിലെ വ്യാജ ഉള്ളടക്കം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വ്യാജവാർത്തകൾക്ക് വിസ്ഫോടനകരമായ ഫലമാണുള്ളത്. വ്യാജ വാർത്ത എന്നത് തന്നെ തെറ്റായ ഒരു പ്രയോഗമാണ്. വ്യാജ ഉള്ളടക്കങ്ങളാണ് വാർത്തയായി പ്രചരിപ്പിക്കപ്പെടുന്നത്. വാസ്തവത്തിൽ വാർത്തയ്ക്ക് വ്യാജമാകാനോ വ്യാജമായ ഒന്നിന് വാർത്തയാകാനോ കഴിയില്ല. കോവിഡ് കാലത്തും കർഷക സമരകാലത്തും സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നു. അടുത്ത തലമുറയെങ്കിലും സാമൂഹിക വിരുദ്ധ ശക്തികളുടെ ഇരകളായി മാറാതിരിക്കാൻ മാധ്യമ സാക്ഷരത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. സമൂഹം സാമൂഹിക മാധ്യമങ്ങളുടെ ഇരകളായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് കാണുന്നതെല്ലാം വിശ്വസിക്കാതിരിക്കാനുള്ള അവബോധം സൃഷ്ടിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ രംഗത്ത് ചോദ്യം ചെയ്യപ്പെടലുകൾ അന്യമായിക്കൊണ്ടിരിക്കുകയും അനാവശ്യമായ ചോദ്യം ചെയ്യലുകൾ ഉണ്ടാവുകയും ചെയ്യുന്ന കാലത്ത് പിവികെ നെടുങ്ങാടിയുടെ പത്രപ്രവർത്തന ശൈലിക്ക് വലിയ പ്രസക്തിയാണുള്ളതെന്ന് ചടങ്ങിൽ സംസാരിച്ച പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരൻ പറഞ്ഞു.
പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ പുരസ്‌കാരം പ്രൊഫ. കെ.ജി. സുരേഷ് മലയാള മനോരമ സീനിയർ റിപ്പോർട്ടർ വി. മിത്രന് സമർപ്പിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ എം. സുധീന്ദ്രകുമാർ അദ്ധ്യക്ഷനായി. മുതിർന്ന മാധ്യമപ്രവർത്തകനായ കെ.എഫ്. ജോർജ്ജ്, ഹരിദാസ് പാലയിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി.എസ്. രാകേഷ്, ടി. സുധീഷ് എന്നിവർ സംസാരിച്ചു. ഹരീഷ് കടയപ്രത്ത് സ്വാഗതവും കെ.എം. അരുൺ നന്ദിയും പറഞ്ഞു.
Discussion about this post