എറണാകുളം: വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഹിന്ദു ഐക്യവേദി. ഏറെ നാളായുള്ള ഭക്തജനങ്ങളുടെ വികാരമാണ് വിധിയിലൂടെ പുറത്തു വന്നത്. നിരന്തരമായ ഹൈക്കോടതി വിധികൾ ലംഘിക്കുന്ന കൊച്ചിൻ ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
ക്ഷേത്ര മൈതാനിയിലെ പൊതുപരിപാടികളും സാമൂഹ്യ വിരുദ്ധരുടെ ശല്യവും കാരണം ഭക്തജനങ്ങൾ കാലങ്ങളായി ബുദ്ധിമുട്ടിലായിരുന്നു. നിരന്തരമായി ഹൈക്കോടതി വിധികൾ കൊച്ചിൻ ദേവസ്വം ബോർഡ് ലംഘിച്ചു. ക്ഷേത്ര മൈതാനത്തിന്റെ പരിപാവനത കാത്തുസൂക്ഷിക്കുന്നതിനുള്ള നടപടികൾ ഉടനടി കൊച്ചിൻ ദേവസ്വം ബോർഡ് കൈക്കൊള്ളേണ്ടതാണെന്നും ഈ വിധിയെ ഭക്തജനങ്ങൾ സന്തോഷത്തോടെയാണ് കാണുന്നതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധാകരൻ പറഞ്ഞു.
ക്ഷേത്ര മൈതാനത്തിലെ അനധികൃത പാർക്കിംഗ് ഉടനടി നിർത്തലാക്കണമെന്നും സുരക്ഷ സംവിധാനം ശക്തമാക്കണമെന്നും ആവശ്യമുണ്ട്. മുൻപ് പല കോടതി വിധികൾ ഉണ്ടായിട്ടും അതെല്ലാം ലംഘിക്കപ്പെട്ടു. വിഷയത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. ക്ഷേത്രത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. നിലവിൽ ഗ്രില്ലുകളിലുള്ള പരസ്യ ബോർഡുകളിൽ ഹിന്ദു പുരാണങ്ങളിലെ സൂക്തങ്ങൾ എഴുതി വെക്കണമെന്നും എക്സിബിഷൻ സമയം ഭക്തരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തരുതെന്നും ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് ഹിന്ദു ഐക്യവേദി വ്യക്തമാക്കി.
Discussion about this post