തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി. പ്രവേശനോത്സവത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ പരിപാടികളാണ് ഒരുക്കിയത്. തിരുവനന്തപുരം മലയിന്‍കീഴ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനത വഹിച്ചു.
ഭാവിയുടെ വാഗ്ദാനങ്ങളായി കുട്ടികളെ വാര്‍ത്തെടുക്കാനാണ് വിദ്യാലയങ്ങള്‍ ഒരുങ്ങുന്നത്. നന്മയുടെ വിളനിലമായി മനുഷ്യനെ മാറ്റുന്ന മഹത്തായ പ്രവര്‍ത്തനമാണ് വിദ്യാഭ്യാസം. മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും കഴിവും സന്നദ്ധതയുമുള്ളവരായാണ് ഓരോരുത്തരും വളരേണ്ടത്. മനുഷ്യരെ പലതട്ടുകളിലാക്കുന്ന കാഴ്ചപ്പാടുകളെ മറികടന്ന് സഹപാഠികളെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുക. ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ കണ്ടെത്തിയും മുന്നോട്ടു പോവുക. കേരളം നിങ്ങളിലൂടെ തിളങ്ങട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
പ്രവേശനോത്സവ ഗാനത്തിന്‍റെ വീഡിയോ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി റിലീസ് ചെയ്തു. പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിച്ചു.
സര്‍ക്കാര്‍, എയിഡഡ് വിഭാഗങ്ങളിലായി സംസ്ഥാനത്ത് ആരെ പതിമൂവായിരത്തി തൊള്ളായിരത്തി അറുപത്തിനാല് സ്‌കൂളുകളാണ് ഉള്ളത്. അണ്‍ എയിഡഡ് സ്‌കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. ഒന്നാം ക്ലാസിലേക്ക് മൂന്ന് ലക്ഷത്തോളം കുരുന്നുകളാണ് ഈ വര്‍ഷം എത്തുന്നത്.
Discussion about this post