കോഴിക്കോട്: സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ചികിത്സ അർഹരായ ഭിന്നശേഷിക്കാർക്ക് പൂർണമായും സൗജന്യമാക്കണമെന്ന് ഭിന്നശേഷി മേഖലയിലെ ദേശീയ സംഘടനയായ സക്ഷമയുടെ സംസ്ഥാന നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു.
ഇതിനുതകുന്ന തരത്തിൽ ഇൻഷുറൻസ് സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്നും, ഭിന്നശേഷി വ്യക്തികളുടെ സർക്കാർ പെൻഷനുകൾ കുടുംബത്തിന്റെ വരുമാനം കണക്കാക്കാതെ പൂർണ്ണമായും വ്യക്തിയുടെ വരുമാന അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന രീതി അവലംബിക്കണമെന്നും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പാർപ്പിട പദ്ധതികളിൽ ഭിന്നശേഷിക്കാർക്ക് മുൻഗണന നല്കണമെന്നും മൂന്നു പ്രമേയങ്ങൾ യോഗം പാസാക്കി. പന്തീരങ്കാവ് സക്ഷമ ഭവനിൽ നടന്ന യോഗത്തിൽ സക്ഷമ ദേശീയ ഉപാധ്യക്ഷ്യ ഡോ. ആശ ഗോപാലകൃഷ്ണൻ പങ്കെടുത്തു.
സംസ്ഥാന അധ്യക്ഷൻ എൻ.ആർ. മേനോൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം. കൃഷ്ണകുമാർ, സംസ്ഥാന സെക്രട്ടറി വി.വി. പ്രദീപ് കുമാർ, പ്രസിഡന്റ് എൻ.ആർ മേനോൻ, സംസ്ഥാന വർക്കിങ് പ്രസിഡന്റ് ആർ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. യു.എൻ. ഹരിദാസ് സമാപന പ്രഭാഷണം നടത്തി.
Discussion about this post