കൊല്ലം: കേന്ദ്രത്തെ മറയാക്കി സംസ്ഥാന സര്‍ക്കാര്‍ അധ്യാപകരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍. ശനിയാഴ്ചകള്‍ ആറാം അധ്യയന ദിവസങ്ങളാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ശാസ്താംകോട്ട ഉപജില്ലാ സമിതി എഇഒ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് യഥാക്രമം 800, 1000, 1200 മണിക്കൂര്‍ അധ്യയനമാണ് 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നിഷ്‌കര്‍ഷിക്കുന്നത്. ഇത് ഉറപ്പാക്കുന്നതിന് ഇരുനൂറില്‍ കുറയാത്ത പ്രവൃത്തി ദിനങ്ങളാണ് സംസ്ഥാനത്ത് പിന്തുടരുന്ന രീതി. എന്നാല്‍ ഏകപക്ഷീയമായി ശനിയാഴ്ച ആറാം അധ്യയന ദിനമാക്കാനുള്ള തീരുമാനത്തെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ അവകാശ നിയമത്തെ കൂട്ടുപിടിക്കുകയാണ്. അതേസമയം, ഇതേ അവകാശ നിയമത്തിലെ പല നിബന്ധനകളേയും സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നത് വിരോധാഭാസമാണ്.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ പ്രൈമറി സ്‌കൂള്‍ പ്രഥമാധ്യാപകര്‍ക്ക് ടെസ്റ്റ് ക്വാളി വേണമെന്ന അവകാശ നിയമത്തിലെ നിര്‍ദേശം മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമയുദ്ധം നടത്തുകയാണ്. ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രായപരിധി ആറ് വയസ് എന്ന കേന്ദ്ര നിര്‍ദേശം സംസ്ഥാനം അംഗീകരിച്ചിട്ടില്ല. അഞ്ചാം ക്ലാസ് എല്‍പി വിഭാഗത്തിലും എട്ടാം ക്ലാസ് യുപി വിഭാഗത്തിലും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഘടനാ മാറ്റം സംസ്ഥാനത്ത് കടലാസില്‍ മാത്രമാണ്.
കുട്ടികളുടെ പഠനഭാരം ലഘൂകരിക്കാന്‍ എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പ്രത്യേക കൈപ്പുസ്തകമായി അച്ചടിച്ച് സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് നല്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ നയം തന്നെ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നവര്‍ പ്രവൃത്തി ദിനങ്ങളുടെ കാര്യത്തില്‍ മാത്രം വാശിപിടിക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല.
ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവകാശപ്പെട്ട ക്ഷാമബത്ത, ലീവ് സറണ്ടര്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ നിഷേധിക്കുവാനും സര്‍ക്കാര്‍ നിരത്തുന്ന കാരണം കേന്ദ്ര സര്‍ക്കാര്‍ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചെന്നതാണ്. പിടിവാശി ഉപേക്ഷിച്ച് തീരുമാനം പുനഃപരിശോധിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്നും പി.എസ്. ഗോപകുമാര്‍ ആവശ്യപ്പെട്ടു. എന്‍ടിയു ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. ശിവന്‍പിള്ള അധ്യക്ഷനായി. പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ വൈസ് പ്രസിഡന്റ് കെ. ഓമനക്കുട്ടന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി.
Discussion about this post