തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്നും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാം. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.
കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അധികൃതരുടെ നിർദ്ദേശാനുസരണം തീരങ്ങളിൽനിന്ന് മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. കടലിലിറങ്ങിയുള്ള വിനോദങ്ങൾ പൂർണമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
മദ്ധ്യകിഴക്കൻ അറബിക്കടലിന് മുകളിലെ അതിശക്തമായ ബിപോർജോയ് ചുഴലിക്കാറ്റ് നാളെ വരെ വടക്ക് ദിശയിൽ സഞ്ചരിക്കുമെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്ന് വടക്ക്, വടക്ക്-കിഴക്ക് ദിശ മാറി സൗരാഷ്‌ട്ര-കച്ച് തീരത്തേക്ക് പ്രവേശിക്കും. ഗുജറാത്തിലെ മാണ്ഡവിക്കും കറാച്ചിയ്‌ക്കുമിടയിൽ ജൂൺ 15-ന് മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ കരയിൽ പ്രവേശിക്കാനാണ് സാദ്ധ്യതയെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Discussion about this post