തൃശൂര്‍: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി. ചിത്രന്‍ നമ്പൂതിരിപ്പാട് (103) അന്തരിച്ചു. വിദ്യാഭ്യാസ മേഖലകളില്‍ ഒട്ടേറെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ച ചിത്രന്‍ നമ്പൂതിരിപ്പാട് സംസ്ഥാന പൊതുവിദ്യാഭ്യാസ അഡീ. ഡയറക്ടറായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. കേരള കലാമണ്ഡലം സെക്രട്ടറി, കേന്ദ്ര, സംസ്ഥാന വിദ്യാഭ്യാസ സമിതി അംഗം, പരീക്ഷാ ബോര്‍ഡുകളില്‍ അംഗം, അധ്യാപക അവാര്‍ഡ് നിര്‍ണയസമിതി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 30 തവണ ഹിമാലയ യാത്ര നടത്തി റിക്കാര്‍ഡ് സ്ഥാപിച്ചു. കേരള സ്റ്റേറ്റ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു ചിത്രന്‍ നമ്പൂതിരിപ്പാട്. 100 ന്റെ നിറവിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
താന്‍ മാനേജരായ മലപ്പുറം മുക്കുതലയിലെ സ്വകാര്യ സ്‌കൂള്‍ ഒന്നാം ഇഎംഎസ് സര്‍ക്കാരിന് ഒരു രൂപ മാത്രം പ്രതിഫലം വാങ്ങി എഴുതിക്കൊടുത്തിരുന്നു. 1979 ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം തൃശൂര്‍ ചെമ്പൂക്കാവ് ‘മുക്ത’യിലേക്ക് താമസം മാറ്റി. ‘പുണ്യഹിമാലയം’ എന്ന യാത്രാവിവരണ ഗ്രന്ഥവും പ്രസിദ്ധീകരിച്ചു. ഇഎംഎസും എകെജിയും കേളപ്പനുമടക്കം കേരളത്തിലെ രാഷ്ട്രീയ – സാമൂഹിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖരുമായി ബന്ധപ്പെട്ടതിന്റെ കൂടി അടിസ്ഥാനത്തില്‍ രചിച്ച ‘സ്മരണയിലെ പൂമുഖം’ എന്ന യാത്രാവിവരണ ഗ്രന്ഥം പ്രസിദ്ധമാണ്. നിരവധി വിദേശരാജ്യങ്ങളും സന്ദര്‍ശിച്ചു.
മലപ്പുറം മുക്കുതല പകരാവൂര്‍ മനക്കല്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനാണ്. പൊന്നാനി എ.വി. ഹൈസ്‌കൂള്‍, തൃശൂര്‍ സെ. തോമസ് കോളേജ്, മദ്രാസ് പച്ചയ്യപ്പാസ് കോളേജ്, കോഴിക്കോട് ഗവ. ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ പരേതയായ ലീല. മക്കള്‍: പി.സി. കൃഷ്ണന്‍ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍), പി. സി. ബ്രഹ്‌മദത്തന്‍ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍), പരേതനായ പി. സി. ചിത്രന്‍, പാര്‍വതി, ഉഷ, ഗൗരി. മരുമക്കള്‍: വാസുദേവന്‍ നമ്പൂതരിപ്പാട്, ഡോ. ഹരിദാസ് (റിട്ട. ഡിഎംഒ), അഷ്ടമൂര്‍ത്തി (എസ്ബിടി ഓഫീസര്‍). സഹോദരങ്ങള്‍: നീലകണ്ഠന്‍, അഡ്വ. പരമേശ്വരന്‍, നീലി അന്തര്‍ജനം, കാളി അന്തര്‍ജനം, ദേവകി നിലയംകോട്.
Discussion about this post