മലപ്പുറം: അശ്രദ്ധമായി കോറിയെന്ന് തോന്നിപ്പിക്കുന്ന നാലഞ്ച് വരകളില്‍ നിന്ന് കഥാപാത്രങ്ങള്‍ക്ക് അവിസ്മരണീയമായ രൂപവും ഭാവവും നല്‍കിയ മലയാളിയുടെ സ്വന്തം വരയുടെ തമ്പുരാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി (98) അന്തരിച്ചു. കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അര്‍ധരാത്രി 12.21നായിരുന്നു അന്ത്യം. രാവിലെ മുതല്‍ 12 മണി വരെ എടപ്പാള്‍ നടുവട്ടത്തെ വീട്ടിലും മൂന്ന് മണി വരെ തൃശൂര്‍ ലളിത കലാ അക്കാദമി ഹാളിലും പൊതു ദര്‍ശനം നടക്കും. ഇന്ന് അഞ്ചരയോടെ എടപ്പാളിലെ വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം.
പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്‍രെയും മകനായി മലപ്പുറം പൊന്നാനിയിലാണ് വാസുദേവന്‍ നമ്പൂതിരിയുടെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. കരുവാട്ട് മനയ്ക്കലെ വീട്ടുമുറ്റമായിരുന്നു മാതൃവിദ്യാലയം. എഴുത്തിനിരുത്തിയത് പണ്ഡിതനായ അച്ഛനായിരുന്നു. പത്താം വയസ്സില്‍ കടലാസുകളില്‍ ആദ്യം വരക്കാന്‍ ശ്രമിച്ചത് ശ്രീകൃഷ്ണനെ. എടപ്പാളിനടുത്ത് കുംഭാരന്മാര്‍ മണ്‍പാത്രങ്ങള്‍ ഉണ്ടാക്കിയിരുന്ന സ്ഥലത്തുചെന്ന് മണ്ണു കൊണ്ടുവന്ന് മുഖശില്‍പങ്ങള്‍ ഉണ്ടാക്കി പഠിച്ചു.
ബ്രഹ്‌മസ്വം മഠത്തിലും തൈക്കാട്ട് മൂസ്സിന്റെ ഇല്ലത്തും വൈദ്യപഠനം. പിന്നീട് തൃശൂര്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ചിത്രകലാ വിദ്യാര്‍ഥിയായി. അതിന് നിമിത്തമായത് ശില്‍പി വരിക്കാശ്ശേരി കൃഷ്ണന്‍ നമ്പൂതിരി. അവിടെ ശങ്കര മേനോനാണ് ഗുരു. അവിടെ നിന്നും മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍. ഇവിടെ നിന്നാണ് വാസുദേവന്‍ നമ്പൂതിരിയില്‍ നിന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയിലേക്കുള്ള പരിണാമം തുടങ്ങുന്നത്. അപേക്ഷിച്ചത് അപ്ലൈഡ് ആര്‍ട്ടിന്. 12 ദിവസത്തെ പരീക്ഷ എന്ന കടമ്പ കടന്നു കിട്ടിയതാണ് സീറ്റ്. പിന്നാലെ ഡബ്ള്‍ പ്രമോഷനും സ്‌കോളര്‍ഷിപ്പും കിട്ടി. മൂന്നു കൊല്ലം കൊണ്ട് കോഴ്‌സ് കഴിഞ്ഞു. ഏറ്റവും സ്വാധീനം ചെലുത്തിയ ഗുരു കെ.സി.എസ്. പണിക്കര്‍. തമിഴ്‌നാട്ടിലെ പഠനകാലത്തു കണ്ട പല്ലവ ചോള കാലഘട്ടത്തിലെ ചിത്രങ്ങള്‍ പില്‍ക്കാല രചനകള്‍ക്ക് ഊര്‍ജം പകര്‍ന്നു.
പൊന്നാനിയില്‍ മടങ്ങിയെത്തി വീട്ടില്‍ വെറുതെയിരിക്കുന്ന കാലത്താണ് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായ എന്‍.വി. കൃഷ്ണവാര്യരുടെ കത്ത് ലഭിക്കുന്നത്. മാതൃഭൂമിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെതന്നെ അരവിന്ദന്റെ ആദ്യസിനിമയായ ഉത്തരായനത്തിന്റെ കലാസംവിധാനം നിര്‍വഹിച്ചു. അതിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. ‘മാതൃഭൂമി’ വിട്ടതിനുശേഷം ‘കലാകൗമുദി’യിലും ‘മലയാളം വാരിക’യിലും ജോലി ചെയ്തു.
കേരള ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്നു. 1995ല്‍ അക്കാദമി ഫെലോഷിപ് നല്‍കി ആദരിച്ചു. രാജാ രവിവര്‍മ പുരസ്‌കാരം, ബഷീര്‍ പുരസ്‌കാരം തുടങ്ങി തേടിയെത്തിയ അംഗീകാരങ്ങള്‍ നിരവധി. മൂത്ത മകന്‍ പരമേശ്വരന്‍. രണ്ടാമത്തെ മകന്‍ ദേവനും പത്‌നി മൃണാളിനിക്കുമൊപ്പം എടപ്പാളിലെ വീട്ടിലായിരുന്നു താമസം.
Discussion about this post