തിരുവനന്തപുരം: മുതലപ്പൊഴിയില്‍ നിരന്തരമുണ്ടാകുന്ന അപകട മരണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടു. എഴുപത്തഞ്ചോളം അപകടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതില്‍ 25 ഓളം പേര്‍ മരിച്ചു. കാലവര്‍ഷ സമയത്ത് തുണയാകേണ്ട കോസ്റ്റല്‍പോലീസിന്റെ രക്ഷാബോട്ട് മാസങ്ങളായി കട്ടപ്പുറത്താണ്. ദുരന്തത്തിനിരയായവരുടെ വൈകാരിക പ്രതികരണത്തോട് ദുരന്തസ്ഥലം സന്ദര്‍ശിച്ച മന്ത്രിമാര്‍ പ്രകോപിതരായി. ലത്തീന്‍ അതിരൂപതാ വികാരി യൂജിന്‍ പെരേര ഉള്‍പ്പെടെയുള്ളവരെ കേസില്‍കുടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ മത്സ്യപ്രവര്‍ത്തക സംഘം അപലപിച്ചു.
ട്രോളിംഗ് നിരോധനം നടക്കുന്ന പഞ്ഞമാസത്തിൽ മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യമായി റേഷനും സാമ്പത്തിക സഹായവും അനുവദിക്കണമെന്നും പുനര്‍ഗേഹം പദ്ധതിപ്രകാരം സ്ഥലംവാങ്ങി വീടുവയ്ക്കാനുള്ള സഹായം 25 ലക്ഷമായി ഉയര്‍ത്തണമെന്നും സംഘം ആവശ്യപ്പെട്ടു.
മുതലപ്പൊഴി ഹാര്‍ബറില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മരിച്ച നാല് മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യപവര്‍ത്തക സംഘം അനുശോചനം രേഖപ്പെടുത്തി. നിരന്തരമുണ്ടാകുന്ന അപകടങ്ങള്‍ വിദഗ്ധസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കേന്ദ്രഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാലയോട് നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനപ്രസിഡന്റ് പി.പി.ഉദയഘോഷ്, ജനറല്‍സെക്രട്ടറി സി.ആര്‍.രാജേഷ് നാട്ടിക, സെക്രട്ടറി കെ.ശിശുപാലന്‍, ജില്ലാപ്രസിഡന്റ് ആര്‍.കൃഷ്ണന്‍കുട്ടി, സെക്രട്ടറി എം.സതീഷ് എന്നിവര്‍ പങ്കെടുത്തു.
Discussion about this post