പത്തനംതിട്ട: കർക്കിടക മാസ പൂജകൾക്കായി ജൂലൈ 16 ഞായറാഴ്ച ശബരിമല നട തുറക്കും. വൈകിട്ട് അഞ്ച് മണിക്ക്് തന്ത്രി കണ്ഠര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ജൂലൈ 17 തിങ്കളാഴ്ച മുതൽ ക്ഷേത്രത്തിൽ കടക്കടക മാസ പൂജകൾ ആരംഭിക്കും. തിങ്കളാഴ്ച പമ്പാതീരത്ത് പിതൃതർപ്പണത്തിനുള്ള സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ഞായറാഴ്ച സന്നിധാനത്ത് നടതുറന്ന് ശ്രീകോവിലിൽ ദീപങ്ങൾ തെളിയിക്കും. ഇതിന് ശേഷം ഗണപതി, നാഗ എന്നീ ഉപദേവതാ ക്ഷേത്രങ്ങളിലും നടതുറന്ന് ദീപം തെളിയിക്കും. ഈ സമയം തന്നെ മാളികപ്പുറം മേൽശാന്തി മാളികപ്പുറം നടതുറന്ന് ദീപം തെളിയിക്കും. ഇതിന് ശേഷമാകും ഭക്തർ പതിനെട്ടാം പടി കയറുക. നടതുറക്കുന്ന ദിനം ഇവിടെ പ്രത്യേക പൂജകൾ ഇല്ല. രാത്രി പത്ത് മണിയോടെ നട അടയ്‌ക്കും.
കർക്കിടകം ഒന്ന് തിങ്കളാഴ്ച പുലർച്ചെ 5.30-ന് കർക്കിടകമാസ പൂജകൾ ആരംഭിക്കും. നിർമ്മാല്യവും അഭിഷേകവും കഴിഞ്ഞ് 5.30-ന് മഹാഗണപതി ഹോമം നടക്കും. ഇതിന് ശേഷം നെയ്യഭിഷേകവും 7.30-ന് ഉഷപൂജയും 12.30-ന് ഉച്ചപൂജയും യഥാസമയം നടക്കും. ഉച്ചയ്‌ക്ക് ഒരു മണിയ്‌ക്ക് നട അടക്കുകയും വൈകിട്ട് അഞ്ചിന് തുറക്കുകയും ചെയ്യും.
കർക്കിടക പൂജകൾക്കായി സന്നിധാനത്ത് എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് മുൻകൂട്ടി വിർച്വൽ ക്യൂ ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലയ്‌ക്കൽ, പമ്പ, ഗണപതികോവിൽ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തെ പൂജകൾക്ക് ശേഷം വെള്ളിയാഴ്ച നട അടക്കും. കർക്കിടക വാവിനോട് അനുബന്ധിച്ച് പമ്പയിൽ പിതൃതർപ്പണത്തിനുള്ള സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ മുതൽ ചടങ്ങുകൾ ആരംഭിക്കും. പമ്പയിലെ ത്രിവേണി സംഗമത്തിലായിരിക്കും ബലിതർപ്പണം.
കർക്കിടക പൂജകളോടനുബന്ധിച്ച് ശബരിമലയിലേക്ക് കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ നടത്തും. ഭക്തരുടെ സൗകര്യാനുസരണം ഒരാഴ്ച മുൻപ് പമ്പയിലേക്ക് സീറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊട്ടാരക്കര, പുനലൂർ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നുമാണ് പ്രത്യേക ബസ് സർവീസുകൾ ഒരുക്കിയിട്ടുള്ളത്. നിലയ്‌ക്കൽ-പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെ നടത്തും. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്‌പെഷ്യൽ ബസുകളും, മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post