കോഴിക്കോട്: നികുതിവെട്ടിപ്പ് നടത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനയ്ക്കായി എത്തിയ ജിഎസ്ടി ഉദ്യോഗസ്ഥരെ കടയ്ക്കുള്ളില്‍ പൂട്ടിയിട്ടു. പരിശോധനയ്ക്കെത്തിയ ജിഎസ്ടി സ്പെഷല്‍ സ്‌ക്വാഡില്‍ സ്ത്രീകളടക്കമുള്ളവര്‍ ഉണ്ടായിരുന്നു.
വെള്ളിയാഴ്ച പള്ളിയില്‍ പോകാന്‍ കടകള്‍ അടച്ചതാണ് അല്ലാതെ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടതല്ലെന്ന് കച്ചവടക്കാര്‍ ന്യായം പറഞ്ഞു. എന്നാല്‍, കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാജ കച്ചവട ഇടപാട് നടത്തിയ കടകളില്‍ മാത്രമാണ് പരിശോധന നടത്തിയതെന്ന് ജിഎസ്ടി അധികൃതര്‍ അറിയിച്ചു.
കടയുടെ ഷട്ടര്‍ ഇട്ടപ്പോള്‍ ഉള്ളില്‍ അകപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി സംരക്ഷണം നല്‍കി. കച്ചവടക്കാര്‍ പോലീസുമായും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് ജിഎസ്ടി ജോയിന്റ കമ്മീഷണര്‍ അശോകന്‍ എത്തി റെയ്ഡ് വിവരം വിശദീകരിച്ചു. ഇപ്പോള്‍ റെയ്ഡ് തുടരുകയാണ്.
വ്യാജ രസീതുണ്ടാക്കി നികുതിവെട്ടിപ്പു നടത്തി ജിഎസ്ടി കബളിപ്പിക്കുന്ന കച്ചവടക്കാരെക്കുറിച്ച് ആധികാരിക വിവരം ലഭിച്ചിട്ടുണ്ടെന്നും റെയ്ഡ് തുടരുമെന്നും അദ്ദേഹം അറിയിച്ചു. നികുതി നല്‍കുന്നവര്‍ക്ക് തടസമുണ്ടാകില്ലെന്നും വ്യാജ ഇടപാടുകാരെ പിടികൂടുമെന്നും ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു.
അതേ സമയം, ഉദ്യോഗസ്ഥരെ തടഞ്ഞ നടപടി രൂക്ഷമായ നിയമപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് മനസ്സിലാക്കിയ വ്യാപാരികളില്‍ ചിലര്‍, വെള്ളിയാഴ്ച പള്ളിയില്‍ പോകുന്നത് ജിഎസ്ടി ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തിയെന്ന ആരോപണം പ്രചരിപ്പിക്കുന്നുണ്ട്.
Discussion about this post