പാലക്കാട്: ധര്‍മവും സത്യവും ഉയര്‍ത്തിപ്പിടിക്കുക എന്ന സന്ദേശമാണ് യുധിഷ്ഠിരന്‍ നല്‍കുന്നതെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ പറഞ്ഞു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ഗ്രന്ഥകാരനുമായ ആര്‍. ഹരി രചിച്ച്, കുരുക്ഷേത്ര പ്രസിദ്ധീകരിക്കുന്ന ‘വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍’ എന്ന പുസ്തകം മായന്നൂര്‍ തണല്‍ ബാലാശ്രമത്തില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാഭാരതമെന്ന മഹത്തായ ഗ്രന്ഥത്തിന്റെ മഹിമ മലയാളികള്‍ക്ക് മനസിലാക്കിക്കൊടുക്കുകയാണ് ആര്‍. ഹരി ചെയ്തത്. കുട്ടിക്കാലത്ത് ധര്‍മപുത്രര്‍ എന്ന വാക്കാണ് കേട്ടിരുന്നത്. എന്നാല്‍ പിന്നീടാണ് ധര്‍മപുത്രര്‍ യുധിഷ്ഠിരനാണെന്ന് മനസിലാകുന്നത്. കഥാപാത്രത്തെ യഥാതഥമായി അവതരിപ്പിക്കുകയാണ് ആര്‍. ഹരി ചെയ്‌തെന്ന് ഇ. ശ്രീധരന്‍ പറഞ്ഞു.
കര്‍ണാടക സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി പുസ്തകം ഏറ്റുവാങ്ങി. സംഗീതം ദൈവമാണെന്നും അത് പഠിച്ചാല്‍ പ്രായമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മനസിന് ആനന്ദമുണ്ടാകും. വാക്കുകള്‍ക്ക് മഹത്വവുമുണ്ടാകും എന്ന വാക്കുകള്‍ എന്നും ഓര്‍മിക്കേണ്ടതാണെന്ന് രാജകുമാരനുണ്ണി പറഞ്ഞു. കോളജില്‍ പഠിക്കുന്ന കാലത്ത് വടക്കന്തറയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗുരുജി ഗോള്‍വല്‍ക്കര്‍ക്ക് മുന്നില്‍ രണ്ട് പാട്ടുകള്‍ പാടാനായതിന് അവസരമൊരുക്കിയത് ആര്‍. ഹരിയാണെന്ന് അദ്ദേഹം ഓര്‍മ്മിച്ചു.
മഹാഭാരതത്തിലെ 18 പര്‍വത്തിലും ഒരുപോലെ പരാമര്‍ശിക്കപ്പെടുന്നതും വ്യാപിച്ചുകിടക്കുന്നതുമായ വ്യക്തി യുധിഷ്ഠിരന്‍ മാത്രമാണെന്ന് ആര്‍. ഹരി പറഞ്ഞു. മഹാഭാരതത്തെയും അതിലെ കഥാപാത്രങ്ങളെയും പറ്റി പലതരത്തിലുള്ള പ്രചരണങ്ങളില്‍പ്പെട്ട് സമൂഹം തെറ്റിദ്ധാരണകളില്‍ അകപ്പെടാതിരിക്കാനുള്ളശ്രമം മാത്രമാണ് താന്‍ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് ഒറ്റപ്പാലം ജില്ലാ സംഘചാലക് അഡ്വ. ജയറാം അധ്യക്ഷത വഹിച്ചു. കുരുക്ഷേത്ര ബുക്‌സ് മാനേജിങ് ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്‍ സ്വാഗതവും ചീഫ് എഡിറ്റര്‍ ജി. അമൃത് രാജ് നന്ദിയും പറഞ്ഞു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ.മന്‍മോഹന്‍ വൈദ്യ, മുതിര്‍ന്ന പ്രചാരക് എസ്.സേതുമാധവന്‍, പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍, ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരന്‍, സഹപ്രാന്തപ്രചാരക് എ. വിനോദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. ആര്‍. ഹരി രചിച്ച ഡോ. ഹെഡ്‌ഗേവാര്‍-വ്യക്തിയും ദര്‍ശനവും എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു.
Discussion about this post