കോട്ടയം/രാമപുരം: മരണാനന്തരം ധീരതയ്ക്കുള്ള പരമോന്നത ബഹുമതിയായ പരം വീര്‍ ചക്ര നേടിയ മേജര്‍ രാമസ്വാമി പരമേശ്വരന്റെ പ്രതിമ നാട്ടുകാരുടെയും വിമുക്തഭടന്‍മാരുടെയും സാന്നിധ്യത്തില്‍ രാമപുരത്ത് നടന്നു. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയര്‍ ലലിത് ശര്‍മ്മ അനാച്ഛാദനം ചെയ്തു.
റിട്ട. കേണല്‍ കെ.എന്‍.വി. ആചാരി അദ്ധ്യക്ഷനായി. പരം വീര്‍ ചക്രം നേടിയ തെക്കേ ഇന്ത്യയിലെ ഏക ധീരസൈനികനാണ് മേജര്‍ രാമസ്വാമി പരമേശ്വരന്‍. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ 21 സൈനികര്‍ക്ക് മാത്രമേ സൈന്യത്തിന്റെ പരമോന്നത ബഹുമതിയായ പരം വീര്‍ ചക്രം നല്‍കി ആദരിച്ചിട്ടുള്ളു.
ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ ചേര്‍ന്ന മേജര്‍ പരമേശ്വരന്‍ 1972 ജനുവരി 16ന് 15ാം ബറ്റാലിയന്‍ മഹര്‍ റെജിമെന്റില്‍ സെക്കന്റ് ലെഫ്റ്റനന്റായി കമ്മീഷന്‍ ചെയ്തു. ഏവരും അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം ‘പാരി സാഹബ്’ എന്ന് വിളിച്ചിരുന്നത്. നോര്‍ത്ത് ഈസ്റ്റേണ്‍ സെക്ടറില്‍ ഓഫീസറായിരുന്ന കാലത്ത് മേജര്‍ ആര്‍ പരമേശ്വരന്‍ തന്റെ സൈനികരെ തീവ്രവാദ ശക്തികള്‍ക്കെതിരെ നയിക്കുന്നതില്‍ വിജയം കൈവരിച്ചിരുന്നു.
തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിലെ അനുഭവപരിചയം കണക്കിലെടുത്ത്, മേജര്‍ രാമസ്വാമി പരമേശ്വരനെ ശ്രീലങ്കയിലെ ഇന്ത്യന്‍ സമാധാന സേനയെ നയിക്കാന്‍ തെരഞ്ഞെടുക്കുകയും എല്‍ടിടിഇക്കെതിരെ പോരാടുന്നതിന് ശ്രീലങ്കയിലെ ഐപികെഎഫിന് വേണ്ടി 8 മഹറിലേക്ക് അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു. 1987 നവംബര്‍ 25 ന് ശ്രീലങ്കയില്‍ ശത്രുക്കളോട് പൊരാടി വീരമൃത്യു വരിച്ച അദ്ദേഹത്തിനോടുള്ള ആദരസൂചകമായിട്ടാണ് ജന്മദേശമായ രാമപുരത്ത് എക്സ് സര്‍വ്വീസ് മെന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ രാമപുരം ബസ് സ്റ്റാന്‍ഡിന് സമീപം സ്മാരകം പണി കഴിപ്പിച്ചത്.
മേജര്‍ രാമസ്വാമി പരമേശ്വരന്‍ തന്റെ മരണത്തെക്കുറിച്ച് പോലും ചിന്തിക്കാതെ ഏറ്റവും ധീരമായ കൃത്യനിര്‍വ്വഹണം നടത്തി. ശത്രുവിന്റെ മുന്നില്‍ കര്‍ത്തവ്യത്തോടുള്ള അര്‍പ്പണബോധവും പരമമായ ത്യാഗവും കണക്കിലെടുത്താണ് മരണാനന്തര ബഹുമതിയായ പരം വീര്‍ ചക്ര നല്‍കി അദ്ദേഹത്തെ ആദരിച്ചത്. കരസേനയുടെ മദ്രാസ് റെജിമന്റിന്റെ സെറിമോണിയല്‍ ഗാര്‍ഡും, ബാന്റ് പാര്‍ട്ടിയുടെയും അകമ്പടിയില്‍ രാമപുരത്ത് ഇന്നലെ നടന്ന ചടങ്ങില്‍ 1971 ല്‍ വീരമൃത്യു വരിച്ച ലാന്‍ഡ്സ് നായിക്ക് പി.സി. സ്‌കറിയുടെ ഭാര്യ ലീലാമ്മയെ ആദരിച്ചു. റിട്ട. മേജര്‍ വി.എം. ജോസഫ്, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, കേണല്‍ പത്മനാഭന്‍, രാമനാഥന്‍ രാമസ്വാമി, കേണല്‍ മധുബാല്‍, കേണല്‍ സുരേഷ് ബാബു, കേണല്‍ ജഗ്ദീപ്, ഓണററി ഫ്ളയിംഗ് ഓഫീസര്‍ സുധാകരന്‍, കേണല്‍ അരുണ്‍ സത്യന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
Discussion about this post