തിരുവനന്തപുരം: സുശക്തമായ രാഷ്ട്രത്തിന്റെ ഭാവി യുവജനശക്തിയിൽ നിക്ഷിപ്തമെന്ന് കേന്ദ്ര സഹകരണ, വടക്കു കിഴക്കൻ കാര്യ സഹമന്ത്രി ബി.എൽ വർമ. റോസ്ഗർ മേളയുടെ ഏഴാം ഘട്ടത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ മികച്ച ഭാവിക്കുള്ള തുടക്കമാണ് രാജ്യത്ത് സംഘടിപ്പിക്കുന്ന റോസ്ഗാർ മേളകൾ എന്നും അദ്ദേഹം പറഞ്ഞു.
പൂർണ്ണ അർപ്പണബോധത്തോടെ രാഷ്ട്ര നിർമാണത്തിനായി പ്രവർത്തിക്കാൻ റോസ്ഗർ മേളയിലൂടെ നിയമനം ലഭിച്ചവർക്ക് സാധിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്തുടനീളം നടന്ന ദേശീയ റോസ്ഗർ മേള പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തത് വേദിയിൽ പ്രദർശിപ്പിച്ചു.138 ഉദ്യോഗാർഥികൾക്കാണ് നിയമന പത്രം കൈമാറിയത്. ഇതിൽ 25 പേർക്ക് കേന്ദ്രമന്ത്രി നേരിട്ട് നിയമന പത്രം കൈമാറി.
റെയിൽവേ, തപാൽ വകുപ്പ്, എൽപിഎസ്സി, വിഎസ്എസ് സി, സി ഐഎസ്എഫ്, എസ് ബി ഐ, എൽഐസി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, എഫ് സി ഐ, ടെലികോം വകുപ്പ് എന്നിവിടങ്ങളിലാണ് ഉദ്യോഗാർഥികൾക്ക് നിയമനം ലഭിച്ചത്. ചടങ്ങിൽ ആദായ നികുതി വകുപ്പ് തിരുവനന്തപുരം പ്രിൻസിപ്പൽ കമ്മീഷണർ വി. എസ് ശ്രീലേഖ, നികുതി വകുപ്പ് അഡിഷണൽ കമ്മീഷണർ നിഷാന്ത്.കെ, ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ എസ്.എം ശർമ, തുടങ്ങിയവർ പങ്കെടുത്തു.
ആദായനികുതി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഒരു വർഷത്തിനകം 10 ലക്ഷം പേർക്ക് കേന്ദ്ര ഗവണ്മെന്റ് ജോലി നൽകുകയാണ് റോസ്ഗർ മേളയുടെ ലക്ഷ്യം. കൊച്ചിയിൽ നടന്ന റോസ്‌ഗർ മേള പരിപാടിയിൽ കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് സഹമന്ത്രി രാംദാസ് അഠാവ്‌ലെ നിയമന പത്രങ്ങൾ വിതരണം ചെയ്തു.
Discussion about this post