കൊച്ചി: പോക്സോ കേസുമായി ബന്ധപ്പെട്ട ചില കുറ്റകൃത്യങ്ങളില്‍ ലിംഗവ്യത്യാസമില്ലാതെ എല്ലാ കുട്ടികള്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്ന തരത്തില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നിലവില്‍ ഇത്തരം കേസുകളില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് ആനൂകൂല്യം ലഭിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
പോക്‌സോ നിയമപ്രകാരമുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കായി സമഗ്രമായ നഷ്ടപരിഹാര പദ്ധതി ആവിഷ്‌കരിക്കുകയോ നിലവിലുള്ള ഇരകളുടെ നഷ്ടപരിഹാര പദ്ധതി, 2017-ല്‍ (2021ല്‍ ഭേദഗതി വരുത്തിയ പ്രകാരം) ആവശ്യമായ ഭേദഗതികള്‍ വരുത്തുകയോ ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് ഹൈക്കോടതി.
ലൈംഗികാതിക്രമം പീഡനം, കുട്ടികളെ അശ്ലീല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കല്‍ അടക്കമുള്ള എല്ലാത്തരം കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേക പോക്‌സോ കോടതികള്‍ക്ക് അധികാരമുണ്ടെണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പോക്‌സോ കേസില്‍ നഷ്ടപരിഹാരം അനുവദിച്ച കോടതി ഉത്തരവ് ശരിവെച്ചാണ് ജസ്റ്റിസ് കൗസര്‍ എടഗപ്പത്തിന്റെ ഉത്തരവ്.
ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് പോക്‌സോ നിയമപ്രകാരം ബാധകമായ പ്രത്യേക ഷെഡ്യൂള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ ഉടനടി സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. കടുത്ത ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് മാത്രം നഷ്ടപരിഹാരത്തിന്റെ ആനുകൂല്യം പരിമിതപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
Discussion about this post