തൃശൂര്‍: ക്വിറ്റ് ഇന്ത്യാ ദിനമായ ഒമ്പതിന് കൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്ക് ക്ഷേത്ര രക്ഷാ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മും മതേതര സര്‍ക്കാരും ക്ഷേത്രം വിട്ടുപോവുക എന്ന മുദ്രാവാക്യവുമായി രാവിലെ 10ന് ആചാര്യന്മാരുടെയും ഹിന്ദു സംഘടനാ നേതാക്കളുടെയും നേതൃത്വത്തിലാണ് ക്ഷേത്ര രക്ഷാമാര്‍ച്ച് നടത്തുക.
കൊച്ചി ദേവസ്വം ബോര്‍ഡിലേക്കുള്ള മാര്‍ച്ച് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ളത് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍, മലബാര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ളത് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എം. മോഹനന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു സമൂഹത്തിന്റെ പ്രതീക്ഷയും, പ്രത്യാശയുമായ ക്ഷേത്രങ്ങള്‍ നിലനില്‍പ്പിനു തന്നെ ഭീഷണി നേരിടുന്നു. സംസ്ഥാന ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മാണ് ഒരേ സമയം ക്ഷേത്രങ്ങളെ അടക്കി ഭരിച്ച് ക്ഷേത്രത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നത്. വിശ്വാസിയെ സംബന്ധിച്ച് ഈശ്വരന്‍ സാകാരരൂപിയാണ്. ആ ഈശ്വരന്‍ മിത്താണെന്ന് നിയമസഭ അദ്ധ്യക്ഷന്‍ തന്നെ പറയുന്നത് വിശ്വാസത്തിനു നേരെയുള്ള വെല്ലുവിളിയാണ്. ഗണപതി മിത്താണ് എന്ന ഷംസീറിന്റെ പ്രസ്താവനയെ എതിര്‍ക്കുകയോ അതിനെതിരെ പ്രസ്താവന ഇറക്കുകയോ ചെയ്യാത്ത ദേവസ്വം ബോര്‍ഡുകള്‍ ഷംസീറിനെ അനുകൂലിക്കുകയാണ്. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങള്‍ ദേവസ്വം ഭരണത്തില്‍ സുരക്ഷിതമല്ലെന്ന് ഉറപ്പിക്കാമെന്നും സുധാകരന്‍ പറഞ്ഞു.
മറ്റ് മതസമൂഹങ്ങള്‍ അവരുടെ ആരാധനാലയങ്ങളെ സാമൂഹ്യ ജീവിതത്തിന്റെ കേന്ദ്ര സ്ഥാനമാക്കി ആ സമൂഹത്തിന്റെ സര്‍വ്വതോമുഖമായ ഉയര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടേയും അധീനതയില്‍പ്പെട്ട് ക്ഷേത്രേതര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറുന്നു. ഹൈന്ദവ ക്ഷേത്രങ്ങള്‍ സിപിഎം കൈയടക്കുകയും, ക്ഷേത്രങ്ങളെ മതേതരവത്ക്കരിക്കുകയും ചെയ്യുന്നു. തീര്‍ത്ഥാടന കേന്ദ്രങ്ങളായ ക്ഷേത്രങ്ങളെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു. കൈയേറിയവര്‍ക്ക് പട്ടയം കൊടുത്തും, നഷ്ടപ്പെട്ട ഭൂമി തിരിച്ചു പിടിക്കാതെയും ലക്ഷക്കണക്കിന് ഏക്കര്‍ ക്ഷേത്ര ഭൂമി അന്യാധീനപ്പെടുത്തുന്നു.
നവീകരിക്കപ്പെട്ടതും, സാമ്പത്തിക അഭിവൃദ്ധിയുള്ളതുമായ സ്വകാര്യ ക്ഷേത്രങ്ങള്‍ സിപിഎം – സര്‍ക്കാര്‍ ഒത്താശയോടെ ദേവസ്വം ബോര്‍ഡ് കൈയേറുന്നു. ഒരു കാലത്ത് ക്ഷേത്രങ്ങള്‍ തച്ചുതകര്‍ത്ത് കപ്പ നടാനും, ഹിന്ദുധര്‍മ്മ ഗ്രന്ഥങ്ങള്‍ കത്തിച്ചു ചാമ്പലാക്കാനും പ്രഖ്യാപിച്ച കമ്മൂണിസ്റ്റുകാര്‍ ഇന്ന് ക്ഷേത്രം ഭരിക്കാന്‍ തയാറാകുന്നുണ്ടെങ്കില്‍ അതിന് പുറകില്‍ പുറമെനിന്ന് തകര്‍ക്കാന്‍ പറ്റാത്ത ക്ഷേത്രങ്ങളെ ഉള്ളില്‍ നിന്നു തകര്‍ക്കുക എന്ന ദുഷ്ടലാക്കാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി ഭാരവാഹികളായ എം.വി. മധുസൂദനന്‍, വി. മുരളീധരന്‍, പ്രസാദ് കാക്കശ്ശേരി, ഗിരിധരന്‍. ജി എന്നിവരും പങ്കെടുത്തു.
Discussion about this post