ചാലക്കുടി(തൃശ്ശൂര്‍): ദേശീയ ഗോസംരക്ഷണം ഭാരതത്തില്‍ വ്യാപകമാക്കണമെന്ന് സ്വാമി ഉദിത് ചൈതന്യ അഭിപ്രായപ്പെട്ടു. ചാലക്കുടി മുനിപ്പാറ ഭാഗവത ഗ്രാമത്തില്‍ നടന്നുവന്ന ഗോസേവ ഗതിവിധി ദക്ഷിണ ക്ഷേത്ര കാര്യകര്‍തൃ ശിബിരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുഴുവന്‍ വീടുകളിലും ആദ്യകാലത്ത് ഗോആധാര ജീവിതം നിലവിലുണ്ടായിരുന്നു. നഷ്ടപ്പെട്ടുപോയ ഈ പാരമ്പര്യ ജീവിതശൈലി തിരികെ കൊണ്ടുവരാന്‍ ഗോപരിപാലനം എല്ലാവരും ഏറ്റെടുക്കണം. ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും ഗോക്കളെ വളര്‍ത്തുകയും നഗരങ്ങളില്‍ പാലും പാലുത്പന്നങ്ങളും പഞ്ചഗവ്യ മരുന്നുകളുടെ വിപണനവും വ്യാപകമാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ ഗോവംശ സംരക്ഷണം, സംവര്‍ദ്ധനം, പരിപാലനം, പഞ്ചഗവ്യ ഔഷധ നിര്‍മാണം, ഉപയോഗം എന്നിവയിലൂടെ ഭൂമിയുടെയും പ്രകൃതിയുടെയും കൃഷിയുടെയും യൗവനം വീണ്ടെടുക്കാമെന്ന് അഖിലഭാരതീയ ഗോസേവാ സംയോജക് അജിത് പ്രസാദ് മഹാപാത്ര ശിബിരത്തിന്റെ സമാപന സന്ദേശത്തില്‍ പറഞ്ഞു. അഖിലഭാരതീയ ഗോസേവാ കാര്യദര്‍ശി ശങ്കര്‍ലാല്‍ ക്ലാസെടുത്തു.
ശിബിരത്തില്‍ തമിഴ്നാട,് കേരളം എന്നീ സംസ്ഥാനങ്ങളിലെ ജില്ല ഉപരി കാര്യകര്‍ത്താക്കള്‍ പങ്കെടുത്തു. ഗോപൂജ, അഗ്നിഹോത്രം, ഭാരതഭക്തി സ്‌ത്രോതം തുടങ്ങിയ പ്രത്യേക പരിപാടികളും ശിബരത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. പ്രശിക്ഷണ്‍ പ്രമുഖ് കെ.ഇ.എന്‍. രാഘവന്‍, ക്ഷേത്രീയ സംയോജക് കല്യാണ്‍, സംസ്ഥാന ഗോസേവാ സംയോജക് കെ. കൃഷ്ണന്‍കുട്ടി, തമിഴ്‌നാട് സംസ്ഥാന ഗോസേവാ സംയോജക് ഗോവിന്ദരാജ് തുടങ്ങിയവരും മാര്‍ഗനിര്‍ദേശം നല്‍കി. മടങ്ങുക ഗ്രാമത്തിലേക്ക്, ഗോക്കളിലേക്ക്, കൃഷിയിലേക്ക്, പ്രകൃതിയിലേക്ക് എന്നീ സന്ദേശത്തിലൂടെ പഞ്ചഭൂത സംരക്ഷണമെന്ന മഹത്തായ ലക്ഷ്യം നേടിയെടുക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന ഗോസേവാ സംയോജക് കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
Discussion about this post