ചാലക്കുടി: ബര്‍ഗറിന്റെയും കുഴിമന്തിയുടേയും കാലത്ത് സ്വാദിഷ്ടമായ നാടന്‍ വിഭവങ്ങളുമായി വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളിലെ മാതൃസമിതി. പുതുതലമുറ കാണുകയോ, രുചിക്കുകയോ ചെയ്യാത്ത പലതരം വിഭവങ്ങളാണ് മാതൃസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ക്കടക ഫുഡ്ഫെസ്റ്റില്‍ ഒരുക്കിയിരുന്നത്.
ഏകദേശം 200 ഓളം വ്യത്യസ്ത ഭക്ഷണങ്ങള്‍ ഫെസ്റ്റിലുണ്ടായിരുന്നു. നാട്ടിന്‍പുറങ്ങളില്‍ ലഭിക്കുന്ന വസ്തുക്കള്‍ കൊണ്ടാണ് ഇത്രയധികം ഭക്ഷ്യവിഭവങ്ങള്‍ ഉണ്ടാക്കിയതെന്നതും ശ്രദ്ധേയമാണ്. സാധാരണ പുട്ടിന് പുറമെ ബീറ്റ്‌റൂട്ട്, ക്യാരറ്റ്, ചോളം, ചെമ്പരത്തി, റവ, വാഴപ്പിണ്ടി, ശംഖ്പുഷ്പം തുടങ്ങിയ വിവിധങ്ങളായ പുട്ടുകള്‍, അമ്മ്യാര് ദോശ, കറിവേപ്പില കുറുക്ക്, കുടവന്‍ ചമ്മന്തി, ചെറുപയര്‍ വട, തൊട്ടാവടി കഞ്ഞി, തുമ്പതോരന്‍, പനിക്കൂര്‍ക്കയില ദോശ, കുറുന്തോട്ടി കഞ്ഞി, ആശാളി ലഡു, വിവിധയിനം ചിപ്സുകള്‍, മുയല്‍ ചെവിയട, ഉലുവാ പായസം തുടങ്ങി പല്ലൊട്ടി മിഠായി വരെ ഫെസ്റ്റിലുണ്ടായിരുന്നു. നാട്ടില്‍ സുലഭമായി കിട്ടുന്ന ഔഷധഗുണമുള്ള പല വസ്തുക്കളും ഭക്ഷണത്തിനായി ഉപയോഗിക്കാന്‍ കഴിയുമ്പോള്‍ പുതിയ ഭക്ഷണ സംസ്‌കാരത്തിന് പിന്നാലെ പായുന്ന ശീലങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കാന്‍ കൂടിയാണ് ഇവിടെ കര്‍ക്കടക ഫുഡ്ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ചാലക്കുടി ആയുര്‍വേദ ആശുപത്രി മെഡി. ഓഫീസര്‍ ഡോ. സ്മിത തോമസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.കെ. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. ജഗദ്ഗുരു ട്രസ്റ്റ് ട്രഷറര്‍ ടി.എന്‍. രാമന്‍ ദീപപ്രോജ്വലനം നടത്തി. ചെയര്‍മാന്‍ ജി. പത്മനാഭ സ്വാമി, സ്‌കൂള്‍ മാനേജര്‍ യു. പ്രഭാകരന്‍, മാതൃസമിതി സ്റ്റേറ്റ് പ്രസിഡന്റ് സൗമ്യ സുരേഷ്, മാതൃസമിതി പ്രസിഡന്റ് സൗമ്യ പ്രതീഷ്, ക്ഷേമസമിതി പ്രസിഡന്റ് വിജയന്‍ കെ.എം., ശിശുവാടിക മാതൃസമതി പ്രസിഡന്റ് ശ്രുതി ഷൈനോ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post