കൊച്ചി: ദേശീയ അഭിമാനത്തിന്റെയും ഐക്യത്തിന്റെയും ആവേശകരമായ പ്രകടനവുമായി ഇന്ത്യാടൂറിസം കൊച്ചി ചരിത്രപ്രസിദ്ധമായ ഫോര്‍ട്ട് കൊച്ചിയില്‍ ഇന്ന് രാവിലെ ഹര്‍ ഘര്‍ തിരംഗ റാലി സംഘടിപ്പിച്ചു. രാജ്യസ്‌നേഹത്തിന്റെ യഥാര്‍ത്ഥ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 200 ഓളം വിദ്യാര്‍ത്ഥികളും സാമൂഹിക പങ്കാളികളും പരിപാടിയുടെ ഭാഗമായി.
‘ദേശീയ നേതാക്കള്‍’ എന്ന പ്രമേയത്തില്‍ നടന്ന ഫാന്‍സി ഡ്രസ് മത്സരമായിരുന്നു റാലിയിലെ പ്രധാന ആകര്‍ഷണം. ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിലെ പ്രതിഭകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന രീതിയിലുള്ള വസ്ത്രധാരണത്തിലൂടെ വിദ്യാര്‍ഥികള്‍ വേദിയില്‍ തങ്ങളുടെ സര്‍ഗ്ഗാത്മകതയും കഴിവും പ്രകടമാക്കി. രാഷ്ട്രത്തിന് ഈ മഹാരഥന്മാര്‍ നല്‍കിയ സംഭാവനകള്‍ പരിപാടിയിലൂടെ ജീവസുറ്റതാവുകയും ഇത് വിദ്യാഭ്യാസപരവും പ്രചോദനാത്മകവുമായ ഒരു മാനം പരിപാടിക്ക് നല്‍കുകയും ചെയ്തു.
സമൂഹത്തെ സേവിക്കുന്നതിനുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും യുവാക്കള്‍ക്കിടയില്‍ ഉത്തരവാദിത്തബോധം വളര്‍ത്തുകയും ചെയ്തു കൊണ്ട് എന്‍സിസി (നാഷണല്‍ കേഡറ്റ് കോര്‍സ്), എന്‍എസ്എസ് (നാഷണല്‍ സര്‍വീസ് സ്‌കീം) വിദ്യാര്‍ത്ഥികളും പരിപാടിയില്‍ സജീവമായി പങ്കെടുത്തു.
രാവിലെ ആരംഭിച്ച റാലി ഹെറിറ്റേജ് സോണ്‍ നോഡല്‍ ഓഫീസര്‍ ബോണി തോമസ് ഫ്‌ലാഗ് ഓഫ് ചെയ്തു. കേന്ദ്ര ടൂറിസം മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടര്‍ എം. നരേന്ദ്രന്‍, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് (ടൂറിസം) യേശുദാസ് എന്നിവരും സന്നിഹിതരായിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ടൂറിസ്റ്റ് കോംപ്ലക്‌സില്‍ നിന്ന് ആരംഭിച്ച് ചരിത്രപ്രസിദ്ധമായ വാസ്‌കോഡ ഗാമ സ്‌ക്വയറിലൂടെയായിരുന്നു റാലി.
ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ചരടുകള്‍ പരസ്പരം ബന്ധിപ്പിക്കുന്ന ഐക്യത്തിന്റെ പ്രതീകമായി ഫോര്‍ട്ട് കൊച്ചിയുടെ ഹൃദയഭാഗത്തിലൂടെ ദേശീയ പതാകയും വഹിച്ചുകൊണ്ട് റാലിയില്‍ പങ്കെടുത്തവര്‍ യാത്ര ചെയ്തു. ദേശസ്‌നേഹത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും വികാരം പ്രതിധ്വനിച്ച ആവേശകരമായ റാലിക്ക് ശേഷം ഘോഷയാത്ര ടൂറിസ്റ്റ് കോംപ്ലക്‌സിലേക്ക് മടങ്ങി എത്തി.
Discussion about this post