കൊല്ലം: ചോര്‍ന്നൊലിക്കുന്ന കുടിലില്‍ നിന്നും കെട്ടുറപ്പുള്ളൊരു വീട്ടിലേക്ക് മാറുമെന്നൊരിക്കലും ജയകൃഷ്ണന് ആഗ്രഹിക്കാന്‍ പോലും കഴിയില്ലായിരുന്നു. കൂലിവേല ചെയ്ത് കിട്ടുന്ന വരുമാനത്തില്‍ പാതി കൂട്ടിവച്ച് വീടൊന്ന് വയ്ക്കണമെന്നാഗ്രഹിച്ചിരുന്നപ്പോഴാണ് അര്‍ബുദം ജയകൃഷ്ണനെയും പിടിമുറുക്കിയത്. പിന്നെ സ്വപ്നങ്ങള്‍ ജീവിതം നിലനിര്‍ത്താന്‍ അയാള്‍ ഉപേക്ഷിച്ചു. ജയകൃഷ്ണന്‍ കൈവിട്ട സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കാന്‍ തുണയാവുകയായിരുന്നു രതീഷ് രവി എന്ന പഞ്ചായത്തംഗം. വീട് എന്ന സ്വപ്നംó സഫലമാകുന്ന സന്തോഷത്തിലാണ് ആ കുടുംബം. കശുവണ്ടിത്തൊാഴിലാളിയായ ഭാര്യ ലതയ്ക്കും മക്കളായ ജയലക്ഷ്മിക്കും ഹരികൃഷ്ണനുമൊപ്പം ഇക്കുറി ഓണം പുതിയ വീട്ടില്‍ ജയകൃഷ്ണന്‍ ആഘോഷിക്കും.
വോട്ട് ചോദിച്ച് എത്തിയപ്പോഴാണ് പനയത്തെ ബിജെപി സ്ഥാനാര്‍ത്ഥി രതീഷ് രവി ജയകൃഷ്ണന്റെ ദുരിതജീവിതം കണ്ടത്. അന്ന് നല്കിയ വാക്ക് ജനപ്രതിനിധിയായപ്പോഴും രതീഷ് മറന്നില്ല. ജയിച്ചാലും തോറ്റാലും വീട് വച്ചു നല്‍കുമെന്നായിരുന്നു രതീഷിന്റെ വാക്ക്. ആ ഉറപ്പാണ് സഫലമാകുന്നത്. അറുന്നൂറ് സ്‌ക്വയര്‍ ഫീറ്റില്‍ മനോഹരമായി തീര്‍ത്ത വീടിന്റെ താക്കോല്‍ ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ കൈമാറും.
വാര്‍ഡിലെ മറ്റു നാലുപേര്‍ക്ക് കൂടി രതീഷിന്റെ പരിശ്രമത്തില്‍ വീടൊരുങ്ങുന്നുണ്ട്. രതീഷ് തന്നെ സ്വന്തമായി ആവിഷ്‌ക്കരിച്ച ‘സ്വപ്‌നം’ വീട് പദ്ധതിയിലൂടെയാണ് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം. സാമ്പത്തിക ശേഷിയുള്ള വ്യക്തികളില്‍ നിന്നും സുമനസ്സുകളില്‍ നിന്നും ലഭിക്കുന്ന സഹായത്തോടെയാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. ഇതിനായി പനയം വാര്‍ഡ് വികസന സമിതിയെന്ന കൂട്ടായ്മയും രതീഷ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. രണ്ടാമത്തെ വീടിന്റെ താക്കോല്‍ സപ്തംബര്‍ അവസാനത്തോടെ നല്‍കും.
Discussion about this post