കൊച്ചി: കേരളത്തില്‍ അസഹിഷ്ണുത വളരുകയാണെന്ന് കവി കെ. സച്ചിദാനന്ദന്‍. ബംഗാളിലെ അവസ്ഥയിലേക്കാണ് കേരളത്തിലെയും ഇടതുപക്ഷത്തിന്റെ പോക്കെന്ന് അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് ഇടത് സഹയാത്രികനായ കവിയുടെ വിമര്‍ശനം.
മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ കേരളത്തില്‍ ഇടതുപക്ഷം തകരും. അത് പാര്‍ട്ടിയെ നശിപ്പിക്കും. ഇടതുപക്ഷ സര്‍ക്കാരിന് ബംഗാളില്‍ ഉണ്ടായ അനുഭവം കേരളത്തിലും ഉണ്ടാകാതിരിക്കണമെങ്കില്‍ അടുത്ത തവണ ഇടതുപക്ഷം അധികാരത്തിലെത്താതിരിക്കാനാണ് പ്രാര്‍ത്ഥിക്കേണ്ടത്, സച്ചിദാനന്ദന്‍ പറഞ്ഞു.
വ്യക്തി ആരാധന സ്റ്റാലിന്റെ കാലത്ത് കണ്ടതാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി സ്റ്റാലിനേയും സ്റ്റാലിനിസത്തേയും വിമര്‍ശിക്കുന്നില്ലെങ്കില്‍, വ്യക്തി ആരാധന പല രൂപങ്ങളില്‍ ഉയര്‍ന്നുവരുമെന്ന അപകടമുണ്ടെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. വ്യക്തി ആരാധനയ്‌ക്ക് ഏതെങ്കിലും നേതാവിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അതിന് ഇത്തരം വിഗ്രഹാരാധനയുടെ പിന്നിലെ മനഃശാസ്ത്രം മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യം മുമ്പ് കേരളത്തില്‍ ഉണ്ടായിട്ടില്ല.
ഒരു വിപ്ലവ പാര്‍ട്ടിക്ക് ഇന്ത്യന്‍ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഉയര്‍ന്ന് വരാന്‍ സാധിക്കില്ലെന്നും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് ഇവിടെ വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യപരവും സാമൂഹ്യപരവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് ഇടതുപക്ഷം ശ്രമിക്കേണ്ടതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
Discussion about this post