തിരുവനന്തപുരം: മാതാപിതാക്കളുടെ സ്വപ്നങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കരുതെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. കലാ-കായിക രംഗങ്ങളിൽ മാത്രമല്ല, ജീവിതത്തിന്റെ എല്ലാമേഖലകളിലും എല്ലാവർക്കും നേട്ടങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നെഹ്‌റു യുവകേന്ദ്ര മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരങ്ങളുടെ വിജയികളായ തിരുവനന്തപുരത്ത് നിന്നുളള വിദ്യാർത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികൾ അവർക്ക് ഇഷ്ടപ്പെട്ട മേഖല തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുമ്പോൾ മാതാപിതാക്കൾ മെഡിസിനും എഞ്ചിനീയറിംഗും സിവിൽസർവ്വീസും എടുക്കാൻ അവരെ നിർബന്ധിക്കുന്നു. ഇതിനോട് യോജിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് മനുഷ്യരാശിയോടുളള വെല്ലുവിളിയാണ്. അതിന്റെ ഉപയോഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്‌ക്ക് ഉയർന്ന തലത്തിലേക്ക് പോകാൻ കഴിവുളളവരെ നശിപ്പിക്കുന്നു. സർക്കാർ മയക്കുമരുന്നിനെതിരെ കർശന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനൊപ്പമാണ് വിദ്യാർത്ഥികൾ ഉപരാഷ്‌ട്രപതിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. 17 വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടുന്ന 37 അംഗസംഘമാണ് ഡൽഹിയിലെയും സമീപത്തെ പ്രധാന ചരിത്രപ്രധാന്യമുളള സ്ഥലങ്ങളും സന്ദർശിക്കുക.
Discussion about this post