കോതമംഗലം: വിദ്യാലയങ്ങളിൽ വിദ്യാഭ്യാസം ദേശീയ മൂല്യങ്ങളുടെ അന്തഃസത്ത ഉൾക്കൊള്ളുന്നതാവുകയും, വിദ്യാഭ്യാസ പ്രക്രിയയിലൂടെ കടന്നു പോകുന്നവരിൽ ദേശീയ ഭാവമുണ്ടാകണമെന്നുമുള്ള വിവേകാനന്ദ ശിഷ്യയായ ഭഗിനി നിവേദിതയുടെ വാക്കുകൾ ഏറെ പ്രസക്തമാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യവാഹ് പി എൻ ഈശ്വരൻ. സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ കോതമംഗലത്ത് പ്രവർത്തിക്കുന്ന വിവേകാനന്ദ വിദ്യാലയത്തിൽ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ടിന്റെ സഹായത്തോടുകൂടി നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ ഔപചാരിക വിദ്യാഭ്യാസ പദ്ധതി പലപ്പോഴും കുട്ടികളിൽ നിന്ന് സാംസ്കാരിക ദേശീയ മൂല്യങ്ങളെ അടർത്തിമാറ്റുന്ന രീതിയിലാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി ഭാരതീയ വിദ്യാനികേതന്റെ മാർഗ്ഗദർശനത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽ സാംസ്‌കാരിക മൂല്യങ്ങൾ പകരുന്ന വിധത്തിലുള്ള വിദ്യാഭ്യാസ പദ്ധതി മാതൃകാപരമായി നടപ്പിലാക്കിവരുന്നു എന്നത് ഏറെ ശ്രദ്ധേയവും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു.
സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റ് കെ.എൻ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാലയ സമിതി സെക്രട്ടറി അനിൽ ഞാളുമഠം സ്വാഗതവും ഹെഡ്മിസ്ട്രസ് ലിനി ശിവൻ കൃതജ്ഞതയും രേഖപ്പെടുത്തി.
എൻ.എച്ച്.പി.സി. ജനറൽ മാനേജർ കെ. വൈത്തീശ്വരൻ, സീനിയർ മാനേജർ പി. സുബ്രഹ്മണ്യൻ, അസിസ്റ്റന്റ് മാനേജർ ശ്രീജ വി.എസ്., സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരി ഇ.എൻ. നാരായണൻ നമ്പൂതിരി, സെക്രട്ടറി പി.ജി സജീവ്, രാഷ്ട്രീയ സ്വയംസേവക സംഘം എറണാകുളം വിഭാഗ് കാര്യവാഹ് എൻ.എസ്. ബാബു ഭാരതീയ വിദ്യാനികേതൻ ജില്ലാ പ്രസിഡൻറ് കെ.കെ. വിജയൻ, വിവേകാനന്ദ വിദ്യാലയ സമിതി പ്രസിഡന്റ് എം.കെ. ചന്ദ്രബോസ് തങ്കളം ഭഗവതി ക്ഷേത്രം ദേവസ്വം സെക്രട്ടറി പി.ഡി ധനീഷ് എന്നിവർ സംസാരിച്ചു.
Discussion about this post