കോട്ടയം: അഡ്വ.എൻ.ഗോവിന്ദമേനോൻ കേരള സംഘഗാഥയുടെ പ്രഥമ നായകനായിരുന്നു എന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും ജന്മഭൂമി സ്ഥാപക പത്രാധിപരുമായിരുന്ന പി.നാരായണൻ അഭിപ്രായപ്പെട്ടു. അത്ര പരിചിതമല്ലാത്ത സംഘ വിചാരങ്ങളിൽ സധൈര്യം കടന്നു കയറിയ ആ കാലഘട്ടത്തിൽ അദ്ദേഹം മലയാള മണ്ണിലെ സംഘ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകാൻ മുന്നിട്ടിറങ്ങിയവരിൽ പ്രധാനിയാണെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകനായിരിക്കെ, സാമൂഹിക പ്രതിബദ്ധതയുള്ള അഭിഭാഷകൻ എങ്ങനെയായിരിക്കണമെന്ന് അഭിഭാഷക ലോകത്തെ പഠിപ്പിച്ചത് അഡ്വ.എൻ.ഗോവിന്ദമേനോനാണ് എന്നദ്ദേഹം അനുസ്മരിച്ചു.
അഡ്വ.എൻ.ഗോവിന്ദമേനോൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പി.നാരായണൻ. തുടർന്ന് നടന്ന അഡ്വ.ഗോവിന്ദമേനോൻ അനുസ്മരണ സെമിനാറിൽ ഏക സിവിൽ കോഡ് ദേശത്തിൻ്റെ അഖണ്ഡതയെ ശക്തിപ്പെടുത്തുമെന്ന് അഡ്വ.എസ്.മനു പറഞ്ഞു. ഏകീകൃത സിവിൽ നിയമത്തിൻ്റെ പ്രാധാന്യം സംബന്ധിച്ച് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ആയ അഡ്വ.എസ്. മനു വിശദീകരിക്കുകയായിരുന്നു. സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം ഭരണഘടനയിലെ നിർദ്ദേശമാണ് ഏക സിവിൽ കോഡ്. അത് നടപ്പാക്കുവാൻ ഏത് സർക്കാരും പ്രതിജ്ഞാബദ്ധമാണ്.
പ്രമാണമില്ലാത്ത നിയമങ്ങളായിരുന്നില്ല ഹിന്ദു നിയമങ്ങളിലേത്. അവ മാറ്റിയപ്പോൾ ഒരു പ്രതിഷേധവുമില്ലാതെ സ്വീകരിക്കപ്പെട്ടു. അതേ മതനിരപേക്ഷ കടമ ഭാരതത്തിൽ എല്ലാ സമൂഹവും കാട്ടേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
വിഭാഗ് സംഘ ചാലക് പി പി ഗോപി അദ്ധ്യക്ഷ വഹിച്ച പരിപാടിയിൽ ആർ ജയകുമാർ, പി ജ്യോതിഷ് തുടങ്ങിയവർ സംസാരിച്ചു.
Discussion about this post