കൊച്ചി: സിദ്ധിവൈഭവങ്ങൾ പ്രദർശിപ്പിച്ച് ഭാരതത്തിൽ വളർന്നുവരുന്ന ചുണക്കുട്ടികളായ വിദ്യാർത്ഥികളുടെ പ്രജ്ഞയെ നശിപ്പിച്ച് ബാല്യകൗമരങ്ങളെ തളർത്തുവാനുള്ള ശത്രു രാജ്യങ്ങളുടെ അജണ്ടയാണ് ഇന്ന് സമൂഹം നേരിടുന്ന ഭീകരതയുടെ രൂപമായ ലഹരി വസ്തുക്കളുടെ വ്യാപനമെന്നും ഈ യുദ്ധത്തിൽ നിന്നും അകന്നുനിൽക്കുവാൻ വിദ്യാർത്ഥികൾക്ക് സാധിക്കും എന്നും പ്രശസ്ത ചലച്ചിത്ര സംവിധായകൻ മേജർ രവി അഭിപ്രായപ്പെട്ടു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം കൊച്ചി മഹാനഗരത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ തെറ്റുകളും വിപത്തുകളും ചുറ്റുപാടും നടന്നമാടുമ്പോൾ അവയിൽ നിന്ന് അകന്നു നിൽക്കുവാൻ ബുദ്ധിയുള്ള ഓരോ വിദ്യാർത്ഥിയും ശ്രമിക്കണമെന്നും മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിധം മനസ്സിനെ വിശാലമാക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ അമൃത ഭാരതീ വിദ്യാപീഠം സംസ്ഥാന അധ്യക്ഷൻ ഡോ. എം. വി നടേശൻ അഭിപ്രായപ്പെട്ടു.
ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷ സമിതി അധ്യക്ഷനും പ്രമുഖ ആർക്കിടെക്കുമായ പ്രൊഫ. ബി.ആർ അജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. കലാ മണ്ഡലം സുഗന്ധി ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവും സംവിധായകനുമായ വിഷ്ണു മോഹൻ എന്നിവരെ ആദരിച്ചു. ബാലഗോകുലം ബാലസമിതി ജില്ലാ അധ്യക്ഷ മാളവിക ജി. എസിന്റെ നേതൃത്വത്തിൽ ലഹരിയ്ക്ക് എതിരെയുള്ള ജന്മാഷ്ടമി പ്രതിജ്ഞ എടുത്തു. കുടുംബസംഗമത്തിന് മുന്നോടിയായി അദിതി സി രാജേഷ്, ശ്രീ ലക്ഷ്മി അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ കൃഷ്ണ ഗാനാമൃതം ഭജനസന്ധ്യ അരങ്ങേറി.
ബാലഗോകുലം ജില്ലാ ഉപാധ്യക്ഷൻ പി. സോമനാഥൻ, ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷ സമിതി കാര്യദർശി ശ്രീ ഗണേഷ് വി നായർ എന്നിവർ സംസാരിച്ചു.
Discussion about this post