തൃശൂർ: കേരളം നേരിടുന്ന സാംസ്കാരിക പ്രതിസന്ധി മറികടക്കാൻ ചരിത്രവും പാരമ്പര്യവും പഠനവിധേയമാക്കണമെന്ന് പ്രശസ്ത സംവിധായകൻ ഹരിഹരൻ. ജാതിയുടെയും മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പേരിൽ വിഘടിച്ചു നിൽക്കുന്ന കേരളത്തിൽ മനുഷ്യനെവിടെ എന്നതാണ് ചോദ്യം. നല്ല മനുഷ്യരെ സൃഷ്ടിക്കാനുള്ള പദ്ധതിയാണ് ഉണ്ടാകേണ്ടത്. തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന പഠനശിബിരം ചേർപ്പ് ശ്രീലകം കൺവെൻഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയതയാണ് മനുഷ്യരെ ഒന്നിപ്പിക്കുന്ന ഘടകം. ആത്മബോധമുണ്ടാകുന്നതിന് തടസം അജ്ഞത മാത്രമാണ് .അറിവ് നേടുകയാണ് അതിനുള്ള പരിഹാരമാർഗമെന്നും അദ്ദേഹം പറഞ്ഞു.
തപസ്യ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.പി.ജി.ഹരിദാസ് അധ്യക്ഷത വഹിച്ചു. പെരുവനം കുട്ടൻ മാരാർ ആശംസാ പ്രസംഗം നടത്തി. സുധീർ പറൂര് രചിച്ച കരിന്തണ്ടൻ നോവലിൻ്റെ പ്രകാശനം ഹരിഹരൻ നിർവഹിച്ചു. പെരുവനം കുട്ടൻ മാരാർ ഏറ്റുവാങ്ങി. കവി കല്ലറ അജയൻ, സംസ്കാർ ഭാരതി ദക്ഷിണ ക്ഷേത്രീയ പ്രമുഖ് തിരൂർ രവീന്ദ്രൻ, തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.രാമചന്ദ്രൻ, സംസ്ഥാന സമിതിയംഗം സി.സി.സുരേഷ് എന്നിവരും സംസാരിച്ചു. തുടർന്ന് ഡോ.എം.വി.നടേശൻ, കല്ലറ അജയൻ, മുരളി പാറപ്പുറം, എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. പഠനശിബിരത്തിൽ ഇന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാർ, ആർ എസ് എസ് പ്രാന്ത സഹകാര്യവാഹ് കെ.പി.രാധാകൃഷ്ണൻ എന്നിവർ ക്ലാസെടുക്കും. പഠനശിബിരം ഇന്ന് സമാപിക്കും.
Discussion about this post