കാഞ്ഞങ്ങാട്: ലിംഗസമത്വവും ലിംഗനീതിയും ഉറപ്പാക്കുന്നതിന് ഏക സിവില്‍കോഡ് അനിവാര്യമെന്ന് ഹമീദ് ചേന്ദമംഗലൂര്‍. ഭാരതീയ വിചാരകേന്ദ്രം കാഞ്ഞങ്ങാട് സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിനിയമങ്ങളില്‍ സ്ത്രീ വിരുദ്ധതയുടെ അംശങ്ങളുണ്ട്. മതപ്രമാണങ്ങളുടെയോ വിശ്വാസപ്രമാണങ്ങളുടെയോ ഏകീകരണമല്ല ഏക സിവില്‍കോഡ്. പൗരത്വ നിയമങ്ങളുടെ ഏകീകരണമാണത്. അദ്ദേഹം വിശദീകരിച്ചു.
സ്ത്രീകളെ അടിച്ചമര്‍ത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ഏക സിവില്‍കോഡ് ആവശ്യമാണെന്ന് പി.ടി. ഖദീജ ടീച്ചര്‍ പറഞ്ഞു. പൗരോഹിത്യത്തിന്റെയും ആണധികാര കേന്ദ്രങ്ങളുടെയും അടിത്തറ ഇളകുമെന്നതാണ് ചില കേന്ദ്രങ്ങള്‍ ഇതിനെ എതിര്‍ക്കുന്നതിന് കാരണം. സ്വയം പരിഷ്‌കരണത്തിന് തയ്യാറാകാത്തവര്‍ മറ്റുള്ളവര്‍ കൊണ്ടുവരുമ്പോഴും എതിര്‍ക്കുകയാണ്. വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇതിന് പിന്നില്‍. അവര്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ്സും സിപിഎമ്മും ഉള്‍പ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഏക സിവില്‍കോഡിനെ നേരത്തെ അനുകൂലിച്ചവരാണെന്ന് ബിഎംഎസ് മുന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ പറഞ്ഞു. എല്ലാ വ്യക്തിനിയമങ്ങളിലും പരിഷ്‌കരണം ആവശ്യമാണ്. എല്ലാ മതങ്ങളിലെയും നല്ല അംശങ്ങള്‍ സ്വീകരിക്കണം. അദ്ദേഹം വ്യക്തമാക്കി. ജില്ലാ അധ്യക്ഷന്‍ മുരളീധരന്‍ പാലമംഗലം അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സ്ഥാനീയ സമിതി സെക്രട്ടറി സുരാജ് സ്വാഗതം പറഞ്ഞു.
Discussion about this post