കോഴിക്കോട്: ഭാരതീയ തത്വചിന്തയും സംസ്‌കാരവും ജീവിതരീതിയും സാര്‍വ്വലൗകീക അംഗീകാരം നേടിക്കൊണ്ടിരിക്കുകയാണെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സമിതി അംഗം ഡോ.സദാനന്ദദാമോദര്‍ സപ്രേ പറഞ്ഞു. കേസരി അമൃതശതം പ്രഭാഷണ പരമ്പരയില്‍ ഹിന്ദുത്വത്തിന്റെ ആഗോളീകരണവും സംഘപ്രസ്ഥാനങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ സംഗീതം, യോഗ, ഭഗവത് ഗീത,വേദം, ആയുര്‍വ്വേദം എന്നിവ ഇന്ന് ലോകരാജ്യങ്ങളില്‍ അംഗീകാരം നേടിക്കൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ സേവാ മനോഭാവവും ലോകം മാതൃകയായി സ്വീകരിച്ചു.
ഭാരതത്തിന് പുറത്ത് നിരവധി സംസ്‌കൃത സര്‍വ്വകലാശാലകളുണ്ട്. അറിവിന് പേറ്റേന്റ് നിശ്ചയിക്കാത്ത പാരമ്പര്യമാണ് ഭാരതത്തിന്റേത്. എല്ലാ കണ്ടുപിടുത്തങ്ങള്‍ക്കും വലിയ കണ്ടുപിടുത്തമായ പൂജ്യം കണ്ടെത്തിയത് ഭാരതീയ ശാസ്ത്രജ്ഞന്മാരാണ്. ദൈനംദിന ജീവിത വ്യവഹാരങ്ങളിലൂടെ ഹൈന്ദവ സംസ്‌കൃതിയുടെ മഹനീയ സവിശേഷതകളെ ജീവിതത്തില്‍ പകര്‍ത്തിയവരാണ് പുറം രാജ്യങ്ങളില്‍ ഭാരത സംസ്‌കൃതിയുടെ ജീവിക്കുന്ന ഉദാഹരണങ്ങളായി മാറിയത്. എല്ലാം ഒന്നിന്റെ വിവിധ ആവിഷ്‌ക്കാരങ്ങളാണെന്ന സത്യം അവര്‍ ലോകജനതയെ ബോധിപ്പിച്ചു. വിശ്വാസികളെന്നും അവിശ്വാസികളെന്നും ലോകത്തെ രണ്ടായി വിഭജിക്കുന്ന സെമിറ്റിക് മത സങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമാണിത്. ലോകത്ത് നിലനിന്ന ക്രൈസ്തവ പൂര്‍വ്വ മതങ്ങള്‍ക്ക് ഭാരതീയ മതങ്ങളുമായി നിരവധി സാമ്യതകളുണ്ട്.
ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസിന്റെ സമ്മേളനങ്ങള്‍ ഇതു ശരിവെക്കുന്നു. ആഗോളതലത്തില്‍ ഹിന്ദു ദര്‍ശനത്തിന് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് പിന്നില്‍ നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹിന്ദു സ്വയം സേവകസംഘം അമ്പത് രാജ്യങ്ങളില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഹിന്ദുത്വത്തിന്റെ പ്രഭാവം ലോകം അംഗീകരിച്ചു വരികയാണ് അദ്ദേഹം പറഞ്ഞു.
റിട്ട. ഡിവൈഎസ്പി പി.പി. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി അദ്ധ്യക്ഷന്‍ പി.എന്‍. ദേവദാസ്, വി.എം. മോഹനന്‍, കെ. സുകേഷ് രാജ, എന്നിവര്‍ പങ്കെടുത്തു. വേദവ്യാസ വിദ്യാലയം പ്രിന്‍സിപ്പല്‍ എം. ജ്യോതിശന്‍ ഗീതം ആലപിച്ചു.
Discussion about this post