കൊച്ചി: സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ എൻസിഇആർടി, വിദ്യാഭ്യാസ മന്ത്രാലയം, കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശാസ്ത്ര പ്രതിഭാ മത്സരത്തിന് സെപ്തംബർ 25 വരെ അപേക്ഷിക്കാം. ഭാരതത്തിന്റെ ശാസ്ത്ര സംഭാവനകൾ പുതിയ തലമുറക്ക് പകർന്നുനൽകാനും വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.
സ്മാർട്ട്ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് വീട്ടിലിരുന്ന് പരീക്ഷ എഴുതാം. ആറ് മുതൽ 11 വരെ ക്ലാസുകളിൽ പഠിക്കുന്ന സിബിഎസ്ഇ, ഐസിഎസ്ഇ, സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. www.vvm.org.in എന്ന വെബ്സൈറ്റിൽ നേരിട്ടോ, സ്‌കൂൾ മുഖേനയോ 200 രൂപ നൽകി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സംസ്ഥാനതല ക്യാമ്പിലും ദേശീയതല ക്യാമ്പിലും പങ്കെടുക്കാം. സംസ്ഥാനതല ക്യാമ്പിലെയും മേഖലാ തലത്തിലെയും വിജയികൾക്ക് 5000, 3000, 2000 എന്നിങ്ങനെയും ദേശീയതല ക്യാമ്പിലെ വിജയികൾക്ക് 25000, 15000, 10000 എന്നിങ്ങനെയും ക്യാഷ് അവാർഡുകൾ ലഭിക്കും. ഐഎസ്ആർഒ, ഡിആർഡിഒ, സിഎസ്‌ഐആർ തുടങ്ങിയ പ്രശസ്ത ഗവേഷണ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിനുള്ള അവസരവും ഉണ്ടായിരിക്കും. ഒരു വർഷത്തേക്ക് പ്രതിമാസം രണ്ടായിരം രൂപ വീതം ‘ഭാസ്‌കര സ്‌കോളർഷിപ്പ്’ ലഭിക്കും.
Discussion about this post