നേതൃഗുണവും പ്രവർത്തകരുടെ വിശ്വാസവും സ്നേഹവും ആർജ്ജിച്ച നേതാവായിരുന്നു പി പി മുകുന്ദനെന്ന് മുതിർന്ന ആർ എസ് എസ് പ്രചാരകൻ എസ് സേതുമാധവൻ. സംഘ കുടുംബത്തിൽ ജനിച്ച് സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ ആർഎസ്എസ് പ്രവർത്തകനായി. ഒരുമിച്ച് പ്രവർത്തിച്ച കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ നേതൃഗുണം മനസിലാക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പി.പി മുകുന്ദന്റെ മരണത്തിൽ അനുസ്മരിച്ച് ജനം ടിവിയോട് സംസാരിക്കുകയായിരുന്നു സേതുമാധവൻ.
‘1966 മുതൽ 2007 വരെ സംഘത്തിന്റെ പ്രചാരകനായി ഏകദേശം 40 വർഷം പ്രവർത്തിച്ചിരുന്നു. 1965-ൽ ആയിരുന്നു ആദ്യമായി കാണുകയും പരിചയപ്പെടുകയും ചെയ്തത്. കാലടിയിൽ ശ്രീ നാഷണൽ ആശ്രമത്തിൽ നടന്ന സംഘ ശിക്ഷാ വർഗിൽ ശിക്ഷാർത്ഥി ആയിട്ട് അദ്ദേഹം വന്നിരുന്നു. അത് കഴിഞ്ഞ് 1966-ൽ അദ്ദേഹം പ്രചാരകനായി, 1967-ലായിരുന്നു ചെങ്ങന്നൂർ കേന്ദ്രമാക്കി താലൂക്ക് പ്രചാരകനായി മുകുന്ദൻ പ്രചാരകനായി ആരംഭിക്കുന്നത്. അന്ന് മുതൽ 2007 വരെയുള്ള കാലങ്ങളിൽ ഞങ്ങൾ ഒരുമിച്ച് സഹപ്രവർത്തകരായി പ്രവർത്തിച്ചിരുന്നു.
ചെങ്ങന്നൂരിലും ആലുവയിലും താലൂക്ക് പ്രചാരകനായും തൃശൂരിൽ ജില്ലാ പ്രചാരകനായും കോഴിക്കോട് തിരുവനന്തപുരം ഭാഗങ്ങളിൽ വിഭാഗ് പ്രചാരകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. അതിന് ശേഷം രണ്ട് മൂന്ന് വർഷങ്ങളിൽ കേരളത്തിന്റെ പ്രാന്തസമ്പർക്ക പ്രമുഖ് എന്ന നിലയിൽ കേരളം മുഴുവൻ യാത്ര ചെയ്ത് പ്രവർത്തിച്ചിരുന്നു.
ഇതിന് ശേഷമാണ് ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തനത്തിനായി അദ്ദേഹം പോയത്. ബിജെപിയുടെ കേരളാ സംസ്ഥാന കാര്യദർശി ആയും അവസാന രണ്ട് വർഷം ക്ഷേത്രീയ കാര്യദർശി ആയും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഒരു തരത്തിൽ അദ്ദേഹം പ്രവർത്തിച്ച എല്ലാ ഇടങ്ങളിലും അദ്ദേഹത്തിന്റെ നേതൃത്വ ഗുണം, എല്ലാവരുമായും ബന്ധം സ്ഥാപിക്കാനുള്ള വിശേഷഗുണവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആലുവയിൽ പ്രവർത്തിക്കുന്ന സമയത്ത് പ്രക്ഷോഭ സമരങ്ങളിലെല്ലാം ജനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
അതുപോലെ, നിരവധി സാമൂഹ്യ വിഷയങ്ങളിലും അദ്ദേഹം നേതൃത്വം നൽകിയിരുന്നു. അടിയന്തരവസ്ഥാ കാലഘട്ടത്തിൽ ജയിൽവാസം അനുഭവിച്ചിരുന്നു. 2007 ൽ പ്രചാരക സ്ഥാനത്ത് നിന്നും വിരമിച്ച് കുടുംബവുമായി താമസം ആരംഭിച്ചു. കഴിവുള്ള നേതൃത്വ ഗുണമുള്ള കാര്യകർത്താവായിരുന്നു മുകുന്ദൻ.’- എസ് സേതുമാധവൻ പറഞ്ഞു.
Discussion about this post