തിരുവനന്തപുരം: കാസര്‍ഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള രണ്ടാം വന്ദേഭാരത് ട്രെയിന്‍ ട്രയല്‍ റണ്ണിനായി തലസ്ഥാനത്തെത്തി. ഇന്നു പുലര്‍ച്ചെ 4.30നാണ് ട്രെയിന്‍ കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്.
സാധാരണയുള്ള വെള്ളയും നീലയും നിറത്തില്‍ നിന്ന് കാവിയും വെള്ളയും നിറത്തിലുള്ള തീവണ്ടിയാണ് കേരളത്തിനായി നല്‍കിയത്. പുതിയ വന്ദേ ഭാരത് എക്‌സപ്രസ്സിന് എട്ടു കോച്ചുകളാണുള്ളത്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിവിധ റൂട്ടുകളിലായി ഒമ്പത് വന്ദേഭാരത് സര്‍വീസുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യും.
കാസര്‍ഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തിനായിരിക്കും സര്‍വീസ്. ആഴ്ചയില്‍ ആറു ദിവസമാകും സര്‍വീസ് ഉണ്ടാകുക. രാവിലെ ഏഴു മണിക്ക് കാസര്‍ഗോഡ് നിന്ന് തിരിക്കുന്ന ട്രെയിന്‍ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും.
വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസര്‍ഗോഡ് എത്തുന്ന നിലയിലാകും സര്‍വീസ്. തിരുവനന്തപുരത്തിനും കാസര്‍കോടിനും പുറമെ കൊല്ലം, ആലപ്പുഴ, എറണാകുളം സൗത്ത്, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് ഉണ്ടാകും എന്നാണ് നിലവിലെ അറിയിപ്പ്.
Discussion about this post