സ്ത്രീ മുന്നേറ്റത്തിനുള്ള കരുത്തുറ്റ കാൽവെപ്പാണ് നാരീശക്തി വന്ദന്‍ അധിനിയം എന്ന വനിതാ സംവരണ ബില്ലെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്യാണി ചന്ദ്രൻ. “ദേശീയ സംസ്ഥാന തലങ്ങളിൽ നയരൂപീകരണത്തിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിലൂടെ ഇന്ത്യൻ ജനാധിപത്യം കൂടുതൽ നിറമുള്ളതാവുകയാണ്. സ്ത്രീ ശാക്തീകരണത്തെ ത്വരിതപ്പെടുത്താനും രാഷ്‌ട്രീയത്തിൽ കൂടുതൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാനും ബിൽ വഴി സാധിക്കും. നിലവിൽ ലോക്സഭയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനത്തിൽ താഴെയാണ്. സംസ്ഥാനങ്ങളിലെ നിയമസഭകളിൽ ഭൂരിഭാഗവും 10 ശതമാനത്തിൽ താഴെയും. പുരോഗമന സമൂഹമെന്നവകാശപ്പെടുന്ന കേരളമടക്കം വനിതാ പ്രതിനിധ്യത്തിന്റെ കാര്യത്തിൽ പിറകിലാണ്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീ മുന്നേറ്റം പ്രകടമാവുമ്പോൾ നിയമനിർമ്മാണ സഭകളിൽ വനിതാ പ്രാതിനിധ്യം തുലോം തുച്ഛമാണ്.”
പല സർക്കാരുകളും മാറി മാറി ഭരിച്ചെങ്കിലും വനിതാ സംവരണ ബിൽ നടപ്പിലാക്കാൻ ആർക്കും സാധിച്ചിട്ടില്ല. രാജ്യം മൂന്നുപതിറ്റാണ്ടിലേറെ കാത്തിരുന്ന സുവർണ്ണ നിമിഷത്തിനാണ് കേന്ദ്രസർക്കാർ വഴിവിളക്കായത്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീ സമത്വത്തെ കുറിച്ചുമെല്ലാം രാഷ്‌ട്രീയ കക്ഷികൾ ചർച്ച ചെയ്യുമെങ്കിലും അത്തരം ഒരു മുന്നേറ്റത്തിനും സാധിച്ചിട്ടില്ല. എന്നാൽ അതിനെല്ലാം മറുപടിയായികൊണ്ടാണ് കേന്ദ്ര സർക്കാർ ഈ ചരിത്രപരമായ ബില്ല് നടപ്പിലാക്കുന്നത്. സമൂഹത്തിൽ നിന്നും മാറ്റിനിർത്തേണ്ടവരല്ല, പകരം ഭാരതത്തെ നയിക്കേണ്ടവരാണ് സ്ത്രീ സമൂഹമെന്ന് വനിതാ സംവരണ ബില്ല് ഓർമ്മപ്പെടുത്തുന്നു. വനിതാ സംവരണ ബിൽ നടപ്പിലാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിശ്ചയദാർഢ്യം അഭിനന്ദനാർഹമാണ്. രാജ്യത്തിന്റെ വളർച്ചയിൽ കേന്ദ്ര സർക്കാരിന്റെ നടപടി നാഴികകല്ലാണെന്നും എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അറിയിച്ചു.
Discussion about this post