കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. മരണത്തില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്താനും മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും സിബിഐക്ക് നിര്‍ദേശം നല്കി. ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണി നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകൾ ഉയർന്നിരുന്നു. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും വേണ്ട വിധം അന്വേഷിച്ചില്ലെന്ന് ആക്ഷേപങ്ങൾ ഉയർന്നിരുന്നു. അപകടമരണമാണെന്നായിരുന്നു ആദ്യം അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചും തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐയും കണ്ടെത്തിയിരുന്നത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന നിഗമനത്തിലാണ് സിബിഐ എത്തിച്ചേര്‍ന്നത്. സിബിഐ സംഘം ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ബാലഭാസ്‌കറിന്റെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയും തുടരന്വേഷണം ആവശ്യപ്പെടുകയും ചെയ്തത്. അപകടം സംബന്ധിച്ച എല്ലാ കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്നും ഇതില്‍ ഗൂഢാലോചനയുടെ ഘടകമുണ്ടെന്നുമാണ് കെ.സി. ഉണ്ണി ആരോപിക്കുന്നത്. അതു സംബന്ധിച്ച് ചില വെളിപ്പെടുത്തലുകള്‍ നേരത്തെ പുറത്തുവരികയും ചെയ്തിരുന്നു.
സ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികളില്‍ ചിലര്‍ അത്തരത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ബാലഭാസ്‌കറിന്റെ അപകടത്തിലും മരണത്തിലും ഗൂഢാലോചനയുണ്ടോ എന്ന് വ്യക്തമായി പരിശോധിച്ചുകൊണ്ട് തുടരന്വേഷണം വേണമെന്നാണ് പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. 2018ലാണ് ബാലഭാസ്‌കര്‍ അപകടത്തില്‍ മരിച്ചത്. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്‌ക്കിടെ പള്ളിപ്പുറത്തുണ്ടായ അപകടത്തില്‍ താരത്തിനൊപ്പം മകളും മരിച്ചിരുന്നു. ഭാര്യ പരിക്കുകളോടെ രക്ഷപെട്ടു. ആദ്യം അപകടമരണമായി കരുതിയിരുന്നെങ്കിലും സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങള്‍ എത്തിയതോടെയാണ് കഥ മാറിയത്.
ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായ പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും ഉള്‍പ്പെട്ട സംഘം നടത്തിയ ആസൂത്രിത കൊലപാതകമാണെന്നാണ് കുടുംബാംഗങ്ങള്‍ ആരോപണമുന്നയിച്ചത്.
Discussion about this post