കോഴിക്കോട്: പൊതു വേദിയില്‍ തലയിലെ തട്ടം നീക്കി മുസ്ലിം വനിതകളുടെ സംഘടനയായ ‘നിസ’ നേതാവും എഴുത്തുകാരിയുമായ വി.പി. സുഹ്‌റ. തലയില്‍ തട്ടമിടാത്ത സ്ത്രീകള്‍ ‘അഴിഞ്ഞാട്ടക്കാരികളാ’ണെന്ന് ഇസ്ലാമിക മത പണ്ഡിതരുടെ വേദിയായ സമസ്തയുടെ ഭാരവാഹി ഉമ്മര്‍ ഫൈസി മുക്കം നടത്തിയ പരാമര്‍ശത്തോട് പ്രതിഷേധിച്ചായിരുന്നു നടപടി. കോഴിക്കോട് നല്ലളം സ്‌കൂളില്‍ നാല്പതാം ഡിവിഷനിലെ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പരിപാടിയിലായിരുന്നു മുഖ്യാതിഥിയായെത്തിയ സുഹ്‌റയുടെ പ്രതിഷേധം.
‘മുസ്ലിം സ്ത്രീകള്‍ തലയില്‍ തട്ടമിടണം. അവരുടെ ശരീരം അന്യപുരുഷന്മാരെ കാണിക്കരുത്. ഇതിനെതിരേ പറയുന്നതും അഴിഞ്ഞാടാന്‍ വിടുന്നതും കമ്യൂണിസ്റ്റ് ചിന്താഗതിയാണ്. അതിനെ ഞങ്ങള്‍ എതിര്‍ക്കും. തടയും. ഇതിന്റെ പേരില്‍ ഞങ്ങളെ പഴഞ്ചന്മാരെന്ന് വിമര്‍ശിച്ചാലും പ്രശ്‌നമില്ല. ‘അഴിഞ്ഞാട്ട’ത്തെ അംഗീകരിക്കില്ല,’ എന്നാണ് ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചത്.ഇതിനെതിരെയാണ് സുഹ്‌റ കുടുംബശ്രീ വേദിയില്‍ ആഞ്ഞടിച്ചത്. ‘മുമ്പ് ഇത്തരം സ്ത്രീ വിരുദ്ധ ആക്ഷേപങ്ങള്‍ നടത്തിയിരുന്നത് കാന്തപുരമായിരുന്നു, ഇപ്പോള്‍ സമസ്തയുടെ നേതാവെന്ന് പറഞ്ഞ് ഇയാള്‍ വന്നിരിക്കുകയാണ്. 70 ശതമാനം സ്ത്രീകളും നരകത്തില്‍ പോയിരിക്കുന്നു, അത് തലയില്‍ തട്ടമിടാഞ്ഞിട്ടാണെന്നാണ് പ്രചരിപ്പിക്കുന്നത്. ‘അഴിഞ്ഞാട്ടം’ എന്ന വാക്കിന്റെ അര്‍ത്ഥം അറിഞ്ഞിട്ടാണോ പറയുന്നത്. തലയില്‍ തട്ടമിടാത്ത മുഴുവന്‍ സ്ത്രീകളേയും അപമാനിക്കുകയല്ലേ ചെയ്യുന്നത്.
അങ്ങനെയെങ്കില്‍ ആണുങ്ങളെല്ലാം തൊപ്പിയിടാത്തതെന്താണ്,’ സുഹ്‌റ ചോദിച്ചു.ഇസ്ലാമിക രാജ്യങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് വിവിധ സ്വാതന്ത്ര്യങ്ങള്‍ കിട്ടുമ്പോള്‍ ഭാരതത്തില്‍, പ്രത്യേകിച്ച് കേരളത്തില്‍ മാത്രമെന്താണ് പ്രത്യേകത. സ്ത്രീനവോത്ഥാനം പറഞ്ഞ് മതിലുകെട്ടിയവരൊക്കെ ആ വിഷയം വിട്ടുകളഞ്ഞു. അവര്‍ക്ക് വോട്ടുമതി, സുഹ്‌റ പിന്നീട് പ്രതികരിച്ചു.തട്ടം ഊരി പ്രതിഷേധിച്ചതില്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഷാഹുല്‍ ഹമീദ് അക്രമാസക്തനായി. തട്ടം മാറ്റിയതിന് പിടിഎ പ്രസിഡന്റ് അസഭ്യം പറഞ്ഞതായും സുഹ്‌റ പിന്നീട് പറഞ്ഞു. സംഭവത്തില്‍ നല്ലളം പോലീസില്‍ പരാതി നല്‍കി. സിപിഎം നേതാവ് അഡ്വ.കെ. അനില്‍കുമാര്‍ പറഞ്ഞത് പൂര്‍ണമായും ശരിയായിരുന്നെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിപിഎം തട്ടം വിവാദത്തില്‍ പിന്നോട്ടുപോയതെന്നും സുഹ്‌റ വിമര്‍ശിച്ചു.
Discussion about this post