തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പിനെതിരേ പദയാത്ര നടത്തിയതിന് സുരേഷ് ഗോപിക്കും 500 ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരേ കേസ്. ഒക്ടോബര്‍ രണ്ടിന്, ഗാന്ധി ജയന്തിയിലായിരുന്നു കരുവന്നൂരില്‍ നിന്ന് തൃശ്ശൂരിലേക്ക് പദയാത്ര. കരുവന്നൂരിലെ ഇരകള്‍ക്ക് പണം മടക്കിക്കൊടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പദയാത്ര. ഗതാഗത തടസമുണ്ടാക്കിയെന്നും മറ്റും ആരോപിച്ചാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തത്.
കേസിനെ ഭയമില്ലെന്നും ജയിലില്‍ പോകാന്‍ തയാറെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഇരകള്‍ക്കു നീതി തേടി സഹകാരി സംരക്ഷണ പദയാത്ര നടത്തിയതിന്റെ പേരില്‍ കേസെടുത്തത് രാഷ്ടീയ പകപോക്കലാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍ ആരോപിച്ചു. ബാങ്കുകൊളളക്കാര്‍ക്കെതിരേ ശക്തമായ നിലപാടെടുത്തതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. തട്ടിപ്പിനിരയായ പാവപ്പെട്ട സഹകാരികള്‍ക്കു വേണ്ടി ഇനിയാരും രംഗത്തു വരാതിരിക്കാനുള്ള ഭയപ്പെടുത്തലാണ് കേസിനു പിന്നില്‍.
രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയിട്ടും രാജ്യത്തൊരിടത്തും ഒരു പോലീസും കേസെടുത്തില്ല. നടപടിയെ രാഷ്‌ട്രീയമായി നേരിടും. അറസ്റ്റുണ്ടായാല്‍ സുരേഷ് ഗോപിയും അദ്ദേഹത്തോടൊപ്പം പദയാത്രയില്‍ പങ്കെടുത്ത ആയിരങ്ങളും കരുവന്നൂര്‍ ഇരകള്‍ക്ക് വേണ്ടി ജയിലില്‍ പോകാന്‍ തയാറാണ്. സഹകാരികള്‍ക്കു പണം തിരിച്ചുകിട്ടുന്നതു വരെ സമരം തുടരുമെന്ന് അനീഷ്‌കുമാര്‍ തുടര്‍ന്നു.
Discussion about this post