കൊച്ചി: ചൈനയില്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ കായിക താരങ്ങളോടുള്ള സംസ്ഥാന സര്‍ക്കാര്‍ അവഗണനതുടരുമ്പോള്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ നേടിയ ഹോക്കി താരം പിആര്‍ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് സി വി ആനന്ദബോസ്.
ഇവിടെയെത്തി ശ്രീജേഷിനെ അനുമോദിക്കാന്‍ കഴിഞ്ഞതു തന്നെ അഭിമാനമാണെന്ന് ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ് പറഞ്ഞു. ബംഗാള്‍ രാജ്ഭവന്റെ ഖേല്‍ ഭൂഷണ്‍ പുരസ്‌കാരം (അര ലക്ഷം രൂപ) ശ്രീജേഷിനു ഗവര്‍ണര്‍ സമ്മാനിച്ചു. ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ എല്ലാ അംഗങ്ങളും ഒപ്പിട്ട ഹോക്കി സ്റ്റിക് ശ്രീജേഷ് ഗവര്‍ണര്‍ക്കു ഉപഹാരമായി നല്കി.
ശ്രീജേഷിനെ അനുമോദിക്കുകയും കുടുംബാംഗങ്ങളോടു കുശലം പറയുകയും ചെയ്ത ആനന്ദ ബോസ് 45 മിനിറ്റ് തേവയ്‌ക്കലിലെ വീട്ടില്‍ ചെലവഴിച്ചു. കുട്ടികളില്‍ ഹോക്കി താത്പര്യം വളര്‍ത്താന്‍ ബംഗാളിലേക്ക് ശ്രീജേഷിനെ ക്ഷണിച്ചാണ് അദ്ദേഹം മടങ്ങിയത്.
അതേസമയം സ്വര്‍ണവുമായി നാട്ടിലെത്തിയിട്ട് നാലു ദിവസമായിട്ടും ഒരാള്‍പോലും സന്ദര്‍ശിക്കുകയോ ഫോണില്‍ വിളിച്ച് അനുമോദിക്കുകയോ ചെയ്തില്ലെന്ന് അദ്ദേഹം ജന്മഭൂമിയോടു പറഞ്ഞു. ”എന്നെ സന്ദര്‍ശിച്ച് അനുമോദിച്ചത് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് മാത്രം. സംസ്ഥാന സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ല. എന്റെ പഞ്ചായത്ത് പ്രസിഡന്റുപോലും അന്വേഷിച്ചില്ല.” ശ്രീജേഷ് പറഞ്ഞു. മെഡല്‍ നേടിയ മറ്റ് സംസ്ഥാനക്കാര്‍ക്കു വിമാനത്താവളം മുതല്‍ വലിയ സ്വീകരണമാണ് അതതു സര്‍ക്കാരുകള്‍ ഒരുക്കിയിരിക്കുന്നതെന്നും ശ്രീജേഷ് ചൂണ്ടിക്കാട്ടി.
”ഞങ്ങളോടു കാണിക്കുന്ന ഈ അവഗണനയാണ് നാളത്തെ തലമുറ കണ്ടുപഠിക്കുന്നത്. അവര്‍ നോക്കുമ്പോള്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയാലും നാട്ടില്‍ വിലയൊന്നുമില്ല. അത് അവരെ എത്രത്തോളം നിരുത്സാഹപ്പെടുത്തുമെന്ന് ആലോചിച്ചു നോക്കൂ. ഹരിയാന സര്‍ക്കാര്‍ മൂന്നു കോടി രൂപയാണ് ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്കു കൊടുക്കുന്നത്. പഞ്ചാബ് സര്‍ക്കാര്‍ മെഡല്‍ ജേതാക്കള്‍ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ചു. ടീമിലെ എന്റെ സഹതാരമായ അമിത് രോഹിദാസിനെ കഴിഞ്ഞ ദിവസം ഒഡിഷ മുഖ്യ മന്ത്രി നവീന്‍ പട്നായിക് വിളിച്ചുവരുത്തി ഒന്നരക്കോടി രൂപയുടെ ചെക്ക് നേരിട്ടു കൊടുത്തു. അതൊക്കെയാണ് അവിടങ്ങളില്‍ കായിക താരങ്ങള്‍ക്കു നല്കുന്ന പ്രചോദനം. ഇവിടുള്ളവര്‍ അവഗണിച്ചിട്ടും ബംഗാള്‍ ഗവര്‍ണര്‍ എന്റെ വീട്ടില്‍ നേരിട്ട് അഭിനന്ദനവുമായെത്തിയതില്‍ വലിയ സന്തോഷം.” ശ്രീജേഷ് ജന്മഭൂമിയോടു പറഞ്ഞു.
Discussion about this post