തിരുവനന്തപുരം: രാജ്യത്തെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 ജനുവരി പകുതിയോടെ ലഗ്രാഞ്ച് പോയിന്റിൽ എത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. നിലവിൽ പേടകം പ്രവർത്തനക്ഷമമാണെന്നും ഭൂമിയിൽ നിന്നും എൽ1 പോയിന്റിൽ എത്തുന്നതിന് ഏകദേശം 110 ദിവസമാണ് എത്തുകയെന്നും അദ്ദേഹം പറഞ്ഞു. ആദിത്യ എൽ1 ലഗ്രാഞ്ച് പോയിന്റിൽ എത്തിയ ശേഷം ഇതിനെ ഭ്രമണപഥമായ ഹലോ ഓർബിറ്റിലേക്ക് കടത്തിവിടുമെന്നും ഇതും ജനുവരിയിൽ തന്നെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബർ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും ഇസ്രോ പേടകം വിക്ഷേപിക്കുന്നത്. സൂര്യനെക്കുറിച്ചും ഭൂമിയിൽ ഇതുമൂലമുണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ചും പഠിക്കുന്നതിന് വേണ്ടിയാണ് ദൗത്യം. ഏഴ് പേലോഡുകളാണ് ആദിത്യ എൽ1-ൽ ഉള്ളത്. ഇവയിൽ നാലെണ്ണം സൂര്യനിൽ നിന്നമുള്ള പ്രകാശത്തെ നിരീക്ഷിക്കുമ്പോൾ ബാക്കിയുള്ളവ അന്തരീക്ഷത്തിലെ മാറ്റങ്ങൾ ഉൾപ്പെടെ വിവിധ കാര്യങ്ങൾ വിലയിരുത്തും.
ഭൂമിയിൽ നിന്നും ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയാണ് എൽ1 പോയിന്റ്. ഹലോ ഭ്രമണപഥത്തിലാകും പേടകം ചുവടുറപ്പിക്കുക. പേടകം സൂര്യന്റെ ബാഹ്യാന്തരീക്ഷത്തെ കുറിച്ച് പഠിക്കുമെന്നും സൂര്യനിൽ ഇറങ്ങില്ലെന്നും ഇസ്രോ മേധാവി അറിയിച്ചു.
Discussion about this post