തൃശൂർ: ഗുരുവായൂർ ദേവസ്വം ചട്ടങ്ങൾക്ക് വിരുദ്ധമായാണ് സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ചതെന്ന് ഓഡിറ്റ് റിപ്പോർട്ട്. പേരകം, എരിമയൂർ പ്രാഥമിക സഹകരണ ബാങ്കുകളിൽ 17 ലക്ഷത്തോളം രൂപയാണ് ഗുരുവായൂർ ദേവസ്വം നിക്ഷേപിച്ചത്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദേശ ബാങ്കിലും 117 കോടിയോളം രൂപ ദേവസ്വം നിക്ഷേപിച്ചിട്ടുണ്ട്.
ഗുരുവായൂർ ദേവസ്വം ചട്ട ഭേദഗതി പ്രകാരം അർബൻ സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണ് നിക്ഷേപിക്കാൻ അനുമതിയുള്ളത്. പ്രാഥമിക സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുന്നത് ചട്ടവിരുദ്ധമാണ്. എന്നാൽ ജില്ലാ സഹകരണ ബാങ്ക്, അർബൻ സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് ഗുരുവായൂർ ദേവസ്വം ബോർഡിനുള്ളത്.
ഇസാഫ് മൈക്രോ ഫിനാൻസ് ബാങ്കിൽ 63 കോടിയോളം രൂപയാണ് ഗുരുവായൂർ ദേവസ്വം നിക്ഷേപം നടത്തിയത്. ഏഴ് സ്വകാര്യ ബാങ്കുകളിലും ഗുരുവായൂർ ദേവസ്വത്തിന് നിക്ഷേപമുണ്ട്. വിദേശ ബാങ്കിലെ നിക്ഷേപം പുനഃപരിശോധിക്കണമെന്ന് ഓഡിറ്റ് വകുപ്പ് ദേവസ്വം കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. 2020-21 ലെ ഓഡിറ്റ് റിപ്പോർട്ടിലെ വിവരങ്ങൾ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സമർപ്പിച്ചു.
Discussion about this post