കൊച്ചി: ഭാഷാപണ്ഡിതനും വാഗ്മിയുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ സ്മാരകമായി സാംസ്‌കാരിക ഗ്രന്ഥാലയം നാളെ മുതല്‍ അമൃതഭാരതീ വിദ്യാപീഠത്തിന്റെ ആസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കും. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ ഓര്‍മ്മ ദിവസമായ നാളെ വൈകിട്ട് 4 ന് അമൃതഭാരതീ വിദ്യാപീഠത്തിന്റെ ആസ്ഥാനമായ ഇടപ്പള്ളി തമ്പുരാട്ടിപറമ്പ് റോഡിലുള്ള എഴുത്തച്ഛന്‍ മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി ഗ്രന്ഥാലയ സമര്‍പ്പണം നിര്‍വഹിക്കും. പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. എം.വി. നടേശന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ കേരളത്തിന്റെ പ്രതിനിധിയായി പ്രസംഗിച്ച പി. അനഘയേയും കലാപ്രതിഭകളായ വിദ്യാര്‍ത്ഥികളെയും അനുമോദിക്കും.
അമൃതഭാരതീ വിദ്യാപീഠത്തിന്റെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ സ്മരണയില്‍ മൂന്ന് വര്‍ഷമായി വിശ്വജാലകം വായനാവേദി എന്ന കൂട്ടായ്മ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനകം 122 പ്രതിവാര ചര്‍ച്ചാസദസുകള്‍ സംഘടിപ്പിച്ച വിശ്വജാലകം വായനാവേദി നാളെ മുതല്‍ തുറവൂര്‍ വിശ്വംഭരന്‍ സ്മാരക സാംസ്‌കാരിക ഗ്രന്ഥാലയത്തിന്റെ ഭാഗമാകും. തുറവൂര്‍ വിശ്വംഭരന്‍ രചിച്ച മഹാഭാരതപര്യടനം എന്ന പുസ്തകം വ്യാഴാഴ്ച രാവിലെ 10.30ന് വായനാവേദിയുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ച ചെയ്യും. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ സംസ്‌കൃത ഭാഷാ വിഭാഗം അധ്യക്ഷയായ ഡോ. ലക്ഷ്മിശങ്കര്‍, കുരുക്ഷേത്ര പ്രകാശന്‍ മാനേജിങ് ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.
ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് തുറവൂര്‍ വിശ്വംഭരന്‍ സ്മാരക സാംസ്‌കാരിക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ നടക്കുന്ന സമ്പര്‍ക്കയജ്ഞത്തിലൂടെ ഭാഷ, സാഹിത്യ, സാംസ്‌കാരിക, ചരിത്ര, സ്വദേശി ശാസ്ത്ര മേഖലകളിലെ വിശിഷ്ട വ്യക്തികളെ നേരില്‍ക്കണ്ട് 5000 സാംസ്‌കാരിക ഗ്രന്ഥങ്ങള്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന് അമൃതഭാരതീ വിദ്യാപീഠം പൊതുകാര്യദര്‍ശി കെ.ജി. ശ്രീകുമാര്‍ അറിയിച്ചു.
അമൃതഭാരതീ വിദ്യാപീഠം വിഭാവനം ചെയ്യുന്ന മാതൃഭാഷാ പഠനഗവേഷണ കേന്ദ്രത്തിന് ഉതകുന്ന വിധം അവലംബ ഗ്രന്ഥങ്ങള്‍ കൂടി ഗ്രന്ഥാലയത്തില്‍ ലഭ്യമാക്കും.
Discussion about this post